ആലപ്പുഴ: ജില്ലയിലെ പടക്ക നിര്‍മാണ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അപകടങ്ങള്‍ പതിവായിട്ടും നടപടിയില്ല. വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പോലും നിരവധി പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലകള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തെത്താറുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. തൊഴിലാളികള്‍ക്കു പോലും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ചേര്‍ത്തല, മാരാരിക്കുളം തെക്ക്, പാതിരപ്പള്ളി, കലവൂര്‍, പള്ളിപ്പാട്, കണ്ടല്ലൂര്‍, കാര്‍ത്തികപ്പള്ളി, ചാരുംമൂട് മേഖലകളില്‍ പടക്ക നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു പരാതികളുണ്ടായിരുന്നു. നാട്ടുകാര്‍ പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള പടക്കനിര്‍മ്മാണം അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നു. ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടമാണ് ഇതില്‍ ഒടുവിലത്തേത്.
ചെറിയ അളവില്‍ മാത്രം വെടിമരുന്നു ശേഖരിക്കുന്നതിനുള്ള ലൈസന്‍സുകളുടെ മറവിലാണ് സുരക്ഷിതമല്ലാത്ത രീതിയില്‍ വീടുകള്‍തോറും പടക്കനിര്‍മാണവും വില്പനയും നടത്തുന്നത്. പോലീസിന്റെ പരിശോധന നടക്കുമ്പോള്‍ ലൈസന്‍സന്‍സുള്ളവര്‍ നല്കുന്ന നിര്‍മാണ സാമഗ്രികള്‍ വീടുകളില്‍ ശേഖരിച്ച് ഉത്പാദനം നടത്തുന്ന സാധാരണക്കാരാണു കുടുങ്ങുന്നത്. വന്‍കിടക്കാര്‍ പിടിയിലാകാറില്ല.
സമീപത്തു താമസക്കാരില്ലാത്തതും ഫയര്‍ഫോഴ്സ് വാഹനം എത്താനുള്ള സൗകര്യമുള്ളതുമായ സ്ഥലത്തായിരിക്കണം പടക്കനിര്‍മാണം നടത്തേണ്ടതെന്നാണു നിയമം. ഇതു പാലിക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ നിര്‍മാണം വന്‍ ദുരന്തത്തിനു വഴിവയ്ക്കും. എന്നാല്‍ രാഷ്ര്ടീയസ്വാധീനവും പോലീസുമായുള്ള അടുപ്പവും സഹായകമാക്കി പലയിടത്തും അനധികൃത പടക്കനിര്‍മാണം പൊടിപൊടിക്കുന്നു.
ചേര്‍ത്തലയില്‍ അപകടമുണ്ടായ വീടിന് സമീപം നിരവധി വീടുകളാണുണ്ടായിരുന്നത്. ഇവിടേക്ക് ഗതാഗത സൗകര്യവും ഉണ്ടായിരുന്നില്ല. ഇവിടെ ഇത്തരത്തില്‍ വന്‍തോതില്‍ പടക്കശേഖരം ഉണ്ടായിരുന്നതായി പരിസര വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ക്രിസ്മസും, ഉത്സവവും, മണ്ഡലകാലവും മുന്നില്‍ക്കണ്ട് ഇപ്പോള്‍ നിര്‍മാണം സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴുണ്ടായ സ്ഫോടനങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പത്തോളം പേരാണു ജില്ലയില്‍ മരിച്ചത്. പോലീസ് പരിശോധന കര്‍ശനമാക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.
അനധികൃത പടക്കനിര്‍മാണശാലകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖല ഇനിയും വലിയ ദുരന്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കലവൂര്‍ വില്ലേജ് ഓഫീസിനു വടക്ക് ചാപ്പലിനു സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയ്ക്കെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.പ്രദേശവാസികളുടെ സമ്മതം കൂടാതെ സമീപത്തെ പാടം നികത്തിയാണു പടക്കനിര്‍മ്മാണശാല സ്ഥാപിച്ചിരിക്കുന്നതെന്ന് കാട്ടി നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി ഭാഗത്ത് രണ്ടു വര്‍ഷം മുമ്പ് പടക്കശാലയില്‍ സ്ഫോടനമുണ്ടായി രാധാമണി എന്ന വീട്ടമ്മ മരിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് പടക്കനിര്‍മാണം വ്യാപകമാണെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നു കഴിഞ്ഞദിവസം ഇവിടെ മണ്ണഞ്ചേരി പോലീസ് നടത്തിയ പരിശോധനയില്‍ കരിങ്ങാട്ടക്കുഴി ബാബു, ഇയാളുടെ ഭാര്യ ഗീത എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് ഓലപ്പടക്കവും കരിമരുന്നും പടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: