കുമളി : മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.06 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും 24 മണിക്കുറും ജാഗരൂകരായിരിക്കാന്‍ ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ കര്‍ശന നിര്‍ദ്ദേശം നല്കി. അടിയന്തരഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനവുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്കി.
ഡാമിന്റെ ജലനിരപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് തീരപ്രദേശങ്ങളിലെ കുട്ടികളെയാണ്.
ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേകം കൗണ്‍സലിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.മുല്ലപ്പെരിയാര്‍ പ്രദേശത്തെ സ്കൂള്‍- കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തും. ദുരന്തഭീതി വിദ്യാര്‍ത്ഥികളുടെ പഠനത്തേയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും.
ഇത് ഒഴിവാക്കാന്‍ അവരുടെ ചിന്തകളെ തിരിച്ചുവിടുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി റോസക്കുട്ടി എബ്രഹാം പറഞ്ഞു. കുട്ടികളുടെ മനസ്സിന് സന്തോഷം നല്കുന്ന പാട്ട്, സിനിമ തുടങ്ങിയ ഉല്ലാസ പരിപാടികളിലൂടെ അവരിലെ നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാക്കുകയാണ് ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കുട്ടികളെ ശ്വാസോഛ്വോസ നിയന്ത്രണം പോലുള്ള വ്യായാമ മുറകള്‍ പരിശീലിപ്പിക്കുന്നതും അവരുടെ ആശങ്കകള്‍ കുറയാനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. കുട്ടികള്‍ക്ക് മാത്രം ബോധവല്‍ക്കരണം നല്കുകയല്ല മറിച്ച് കുടുംബത്തിന് മുഴുവനായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയാണ് ലക്ഷ്യം എന്നും അവര്‍ അറിയിച്ചു. സ്വയംസഹായ സംഘങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെ സഹായവും ഇതിനായി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: