കൊട്ടാരക്കര: ഇരുപത് തേങ്ങയില്‍ നിന്നും 90 തേങ്ങയിലെത്തുന്ന കല്പകരക്ഷാപദ്ധതിയുമായി സദാനന്ദപുരം കൃഷിവിജ്ഞാനകേന്ദ്രം.
കര്‍ഷക പങ്കാളിത്തത്തോടെ ഒരു നിശ്ചിത പ്രദേശത്തെ തെങ്ങുകളുടെ സമഗ്ര വികസനത്തിനായി കൃഷിവിജ്ഞാനകേന്ദ്രം ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റേയും കൊല്ലം ആത്മയുടേയും സാമ്പത്തികസഹായത്തോടെ കിഴക്കേകല്ലട പഞ്ചായത്തിലെ തെക്കേമുറി വാര്‍ഡില്‍ 1000 തെങ്ങുകള്‍ ഉള്‍പ്പെടുന്ന 5.6 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. കര്ഷകപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 65 കര്‍ഷകരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ 5 ഗ്രൂപ്പായി തിരിച്ച് ഓരോഗ്രൂപ്പിനും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉണ്ട്.
സര്വ്വേഫോറത്തില് കര്‍ഷകരുടെ വിവരശേഖരണം നടത്തുകയും തുടര്‍ന്ന് തെങ്ങ് കൃഷി മേഖലയിലെ ശക്തിദൗര്‍ബല്യങ്ങളും സാധ്യതകളും മനസിലാക്കുകയും മണ്ണുപരിശോധന, പച്ചിലവളപ്രയോഗം എന്നിവയില്‍ പരിശീലനം നടത്തുകയും ചെയ്യും. കീടരോഗലക്ഷണങ്ങള്, മൂലക അപര്യാപ്തതാ ലക്ഷണങ്ങള്‍ എന്നിവ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും കെവികെയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്കി തെങ്ങുകള്‍ക്ക് നമ്പരിടുകയും കര്‍ഷകരുടെ രജിസ്റ്ററിലും ഗ്രൂപ്പിന്റെ രജിസ്റ്ററിലും തെങ്ങിന്റെ പ്രത്യേകതകള്‍ രേഖപ്പെടുത്തുകയും മുറിച്ചു മാറ്റേണ്ടവ പ്രത്യേകം അടയളപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു.
കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി എന്നിവയെ ആകര്‍ഷിച്ച് നശിപ്പിക്കാനുള്ള ഫിറമോണ്‍ കെണികള്‍ ഹെക്ടറിനൊന്നെന്ന തോതില്‍ വിന്യസിച്ചുകഴിഞ്ഞു.
ഭാരതീയകാര്ഷികഗവേഷണകൗണ്സിലിലെ കേരളത്തിന്റെ ചുമതലയുള്ള ശാസ്ത്രജ്ഞന് ഡോ.സി.വി. സായിറാമാണ് കെണികള്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയത്. ഓരോ ആഴ്ചയിലും ലഭിക്കുന്ന ചെല്ലികളുടെ എണ്ണം രേഖപ്പെടുത്തി പദ്ധതിപ്രദേശത്തെ ജൈവവളക്കുഴികളുടെ എണ്ണവും വ്യാപ്തവുമനുസരിച്ച് ചെല്ലി നിയന്ത്രണത്തിനായി മെറ്റാറൈസിയം പ്രയോഗം, തെങ്ങിന്റെ മണ്ടവൃത്തിയാക്കി കീടനാശിനി മണല്‍ മിശ്രിതം നിറയ്ക്കല്‍, ചെല്ലിക്കോലുകൊണ്ട് ചെല്ലിയെ കുത്തിയെടുത്തു നശിപ്പിക്കല്‍ എന്നിവ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വഴിയാണ് ചെയ്യുന്നത്.
അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷക ടീം ലീഡര്‍മാരാണ് പദ്ധതിനടത്തിപ്പിലെ നിര്‍ണ്ണായകശക്തി. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഈ പ്രദേശത്ത് പദ്ധതി നടത്തുകയെന്നതാണ് ഉദ്ദേശ്യം.
എസ്. സതീഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തെങ്ങിന്റെ സസ്യ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ലീഡര്‍ ഉണ്ണികൃഷ്ണന്‍നായര്‍ക്ക് കൈമാറി പഞ്ചായത്ത്പ്രസിഡന്റ് മായാദേവി നിര്‍വഹിച്ചു.
കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. നോബിള്‍ എബ്രഹാം, അസി.പ്രൊഫസര്‍ മനു.സി.ആര്, കെ.നകുലരാജന്‍, കിഴക്കേകല്ലട കൃഷി ഓഫീസര്‍ സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: