പത്തനാപുരം: കലഞ്ഞൂരില്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം പാഞ്ഞ് കയറി രണ്ട് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്ക്. കലഞ്ഞൂരിലെ ബസ് സ്റ്റോപ്പില്‍ നിന്ന യാത്രികര്‍ക്ക് ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. പത്തനാപുരം ഇടത്തറ കാരമൂട് പുരയിടത്തില്‍ ഉമൈബാബീവി (48), കലഞ്ഞൂര്‍ പോറ്റി കുന്നേല്‍ വീട്ടില്‍ രാമചന്ദ്രന്‍നായര്‍ (70) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 12പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. പത്തനാപുരം ഭാഗത്തേക്ക് ബസ് കാത്ത് നിന്ന യാത്രക്കാരുടെ ഇടയിലേക്ക് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഇന്നോവാ കാര്‍ പാഞ്ഞ് കയറുകയായിരുന്നു. കര്‍ണ്ണാടക ബാഗ്ലൂര് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. കലഞ്ഞൂര്‍ ഷെമീനാ മന്‍സിലില്‍ ഷെമീനാ (31), നിര്‍മ്മല സദനത്തില്‍ സ്മിതാ അജിത്ത് (32), ശ്രീവിഹാറില്‍ ചന്ദ്രിക (64), കുളപ്പാറ കൊച്ച് വീട്ടില്‍ ദാമോധരന് (60), ഗൗരിവിലാസത്തില്‍ ശശികുമാര്‍ (55), വേങ്ങവില തേവലക്കരയില്‍ ഖദീജ (31), വെട്ടിക്കതറയില് സരസ്വതി (58), പാലവിളപുറത്ത് വീട്ടില്‍ സന്ധ്യ (29), പുത്തന്‍പുരയില്‍ രവീന്ദ്രന്‍നായര്‍ (62), ഷാഫീയ മന്‍സില്‍ ഫൗസിയ (28), ശാസ്താംകാവ് ശാന്തകുമാരി (44), പുത്തന്‍പുരയിടത്തില്‍ ബാബു (56) എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുളളത്. അപകടത്തിന് കാരണമായ വാഹനവും തീര്‍ത്ഥാടകരെയും കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: