ആസ്ട്രിയക്കെതിരെ വിജയ ഗോള്‍ നേടിയ ഫെര്‍മീഞ്ഞോയും (നടുവില്‍)
ബ്രസീല്‍ നായകന്‍ നെയ്മറും ആഹ്ലാദം പങ്കിടുന്നു
വിയന്ന: ദുംഗയുടെ രണ്ടാമൂഴത്തില്‍ ബ്രസീലിന് അപരാജിത കുതിപ്പ്. തുടര്‍ച്ചയായ ആറ് വിജയങ്ങളാണ് കാനറികള്‍ പരിശീലകനായുള്ള ദുംഗയുടെ രണ്ടാം വരവില്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന കളിയില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയെയാണ് കീഴടക്കിയത്. ബ്രസീലിനായി ഡേവിഡ് ലൂയിസും ഫെര്‍മീഞ്ഞോയും ഗോളുകള്‍ നേടിയപ്പോള്‍ ആസ്ട്രിയയുടെ ഏകഗോള്‍ പെനാല്‍റ്റിയിലൂടെ അലക്‌സാന്ദര്‍ ദ്രഗോവിക് സ്വന്തമാക്കി.
ഇക്കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലില്‍ ജര്‍മ്മനിയോടും ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോടും തകര്‍ന്നടിഞ്ഞശേഷം കോച്ചായിരുന്ന ലൂയി ഫിലിപ്പ് സ്‌കൊളാരിയെ പുറത്താക്കിയിരുന്നു. സ്‌കൊളാരിക്ക് പകരമായാണ് ദുംഗയെ പരിശീലകനായി നിയമിച്ചത്.
ആസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ മുന്‍തൂക്കം ബ്രസീലിനായിരുന്നെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ഓസ്‌കറും നെയ്മറും ലൂയിസ് അഡ്രിയാനോയും ഉള്‍പ്പെട്ട കാനറിപ്പട നിരവധി തവണ എതിര്‍ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് ഷോട്ടുകളുതിര്‍ത്തെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ആസ്ട്രിയന്‍ താരങ്ങളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പാഴായതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയിലും ബ്രസീലും ആസ്ട്രിയയും മികച്ച ആക്രമണ – പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ആദ്യ ഗോളിന് 64-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഒസ്‌കാറിന്റെ കോര്‍ണറില്‍ നിന്നാണ് മികച്ചൊരു ഹെഡ്ഡറിലൂടെ ലൂയിസ് സ്‌കോര്‍ചെയ്തത്. അതേ ഓസ്‌കര്‍ വില്ലനാകുന്നതും പിന്നീട് കണ്ടു. ബോക്‌സിനുള്ളില്‍ ഓസ്ട്രിയയുടെ ആന്‍ഡ്രിയാസ് വീമെനെ ഓസ്‌കര്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് അലക്‌സാന്ദര്‍ ദ്രഗോവിക് ഗോളാക്കി മാറ്റിയത്. സ്‌കോര്‍ 1-1
83-ാം മിനിറ്റിലാണ് ബ്രസീലിന്റെ വിജയഗോള്‍ വന്നത്. 25 വാര അകലെനിന്ന് മധ്യനിരക്കാരന്‍ റോബര്‍ട്ടോ ഫെര്‍മിനോയുടെ ഷോട്ട് മുഴുനീളെ പറന്ന ആസ്ട്രിയന്‍ ഗോളിയെ കീഴടക്കി പോസ്റ്റില്‍ തറച്ചു കയറി. രണ്ടാം അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന ഫെര്‍മിനോയുടെ ആദ്യ ഗോളായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: