സുവ: ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിജിയിലെത്തി. തുടര്‍ന്ന് ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈന് മിരാമയുമായി കൂടിക്കാഴ്ച്ച നടത്തിയ മോദി ഫിജിക്ക് ഏഴര കോടിയുടെ സഹായം പ്രഖ്യാപിച്ചു. ഇതിന് പുറമേ ഗ്രാമങ്ങളുടെ വികസനത്തിനും സഹായം നല്‍കുമെന്ന് മോദി വ്യക്തമാക്കി.
ഫിജിയിലേക്കുള്ള വിസാ തടസ്സങ്ങള്‍ നീക്കുമെന്നും വിജ്യാര്ത്ഥികള്ക്കുള്ള സ്കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. ഫിജിയുമൊത്തുള്ള ബന്ധത്തിന്റെ പുതിയ തുടക്കമാണിതെന്ന് മോദി ബൈന് മിരാമയോട് വ്യക്തമാക്കി.
പഴയ സൗഹൃദം പുതുക്കാനും ഭാവിയിലേക്ക് ശക്തമായ പങ്കാളിത്തത്തിന്റെ അടിത്തറയിടാനുള്ള അവസരമായുമാണ് താന്‍ ഈ സന്ദര്‍ശനത്തെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫിജിയിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. സിനിമകള്‍ ചിത്രീകരിക്കാനായി ബോളിവുഡിനെ ഫിജിയിലേക്ക് ക്ഷണിക്കണമെന്നും അങ്ങനെ കൂടുതല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്നും മോദി ഫിജിയിലെ നേതാക്കളോട് സൂചിപ്പിച്ചു.
മോദിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സമൃദ്ധമായ ബന്ധത്തിന് അടിത്തറയിട്ടതായി ഫിജി പ്രധാനമന്ത്രി പറഞ്ഞു. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി തെക്കന്‍ പെസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
നേരത്തെ സുവ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ ഫിജി പ്രധാനമന്ത്രി പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയ ശേഷം മോദിക്ക് ആല്‍ബര്‍ട്ട് പാര്‍ക്കില്‍ വച്ച് പരമ്പരാഗതമായ രീതിയില്‍ സ്വാഗതം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: