കൊല്ലം: സിനിമ കണ്ടു തുടങ്ങിയ ചെറുപ്രായത്തില്‍ തന്നെ മനസില്‍ കുടിയേറിയതാണ് അഭിനയപ്രതിഭയായ ജയനെന്നും മലയാളികളുടെ മനസില്‍ അനശ്വരനായി ജീവിക്കുകയാണ് അദ്ദേഹമെന്നും എസിപി പി.കെ.ലാല്‍ജി പറഞ്ഞു.
ഓലയില്‍ ജയന് മെമ്മോറിയല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബിന്റെയും ഇപ്റ്റ കൊല്ലം ജില്ലാകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓലയില്‍ ജയന് സ്മൃതിമണ്ഡപത്തില്‍ നടന്ന ജയന് അനുസ്മരണവും ഫോട്ടോപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയനൊപ്പം അഭിനയിച്ച നടന് മണക്കാട് രവി ജയനും താനുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മ്മ പുതുക്കി. നടന് നീരജ് മാധവ്, അശോക് കുമാര്‍, സുരേഷ് ചൈത്രം, പ്രദീപ് കുരീപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ പ്രദേശവാസി കൂടിയായ നടന് രാജേഷ്ശര്മ്മയെ അഡ്വ.മണിലാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. രക്ഷാധികാരി ജി.ചന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓലയില്‍ ബാബു ആമുഖപ്രസംഗം നടത്തി. ഇപ്റ്റ ജില്ലാസെക്രട്ടറി കെ.പി.എ.സി.ലീലാകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: