ഏറ്റുമാനൂര്‍: മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനയോഗത്തില്‍ നടപ്പാക്കുമെന്ന് തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പാക്കിയില്ല. കിണര്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെയും തീരുമാനമായില്ല. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ക്ഷേത്രപരിസങ്ങള് ഇപ്പോഴും മാലിന്യപൂരിതമാണ്.
അയ്യപ്പന്മാരെ പിഴിയുന്നതിന് ചിലയാളുകള്‍ക്ക് തറലേലം ചെയ്ത് രഹസ്യമായി നല്‍കിയതായും ഇതിനിടയില്‍ ആരോപണമുയര്‍ന്നു. ലേലം കൊണ്ടവര്‍ വന്‍തുക പിരിക്കാന്‍ ശ്രമിച്ചതിനെ കച്ചവടക്കാര്‍ എതിര്‍ത്തു. അനധികൃതമായ ലേലം റദ്ദ് ചെയ്യണമെന്നും മണ്ഡല- മകരവിളക്കു കാലത്ത് അയ്യപ്പഭക്തരെയും കച്ചവടക്കാരെയും കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങളെ തടയുമെന്നും വിശ്വഹിന്ദു പരിഷത്തും ബിജെപിയും പറഞ്ഞു. ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. മണികണ്ഠന് നായര്‍, വിഎച്ച്പി ജില്ലാ സത്സംഗപ്രമുഖ് കെ.ആര്. ഉണ്ണികൃഷ്ണന്, ഏറ്റുമാനൂര്‍ ഖണ്ഡ് പ്രസിഡന്റ് കെ. രാജഗോപാല്‍, കെ.ആര്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശബരിമല ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തീര്‍ത്ഥാടകരെ വിഷമിപ്പിക്കുന്ന നടപടിയുമായി ദേവസ്വം അധികൃതര്‍ മുമ്പോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബഹുജനമാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്കാന് വിഎച്ച്പിയും ഇതര ഹൈന്ദവ സംഘടനകളുടം നിര്ബ്ബന്ധിതരാകുമെന്നും കെ. രാജഗോപാല്‍, ഒ.എന്‍. രാമചന്ദ്രന്, മോഹനചന്ദ്രന് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: