പാലാ: രണ്ടു ദിവസമായി ഐങ്കൊമ്പ് അംബിക വിദ്യാഭവനില്‍ നടന്നുവന്ന വിദ്യാനികേതന്‍ സ്കൂളുകളുടെ കോട്ടയം ജില്ലാ കലോത്സവത്തില്‍ 795 പോയിന്റു നേടി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാമതായി.
654 പോയിന്റോടെ കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും, 527 പോയിന്റോടെ കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് പാലാ ഡി വൈ എസ് പി സൂനീഷ്ബാബു, കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പുതിയമഠം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
സമാപന സമ്മേളനത്തില്‍ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ഡോ. റ്റി വി മുരളിവല്ലഭന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി വിജയകുമാര്‍, ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയില്‍, അപ്പച്ചന് മൈലക്കല്‍, ഇഗ്നേഷ്യസ് തയ്യില്‍, ജയ്സണ്‍ പുത്തന്‍കണ്ടം, ജി രഞ്ജിത്, പി പി നിര്മലന്, ഗായകന് ജിന്‍സ് ഗോപിനാഥ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ലളിതാംബിക കുഞ്ഞമ്മ, സ്വാഗതസംഘം ഭാരവാഹികളായ കെ എന്‍ വാസുദേവന്‍, ഡോ. വി എസ് രാധാകൃഷ്ണന്, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
വിദ്യാനികേതന്റെ തനത് ഇനമായ യോഗചാപ് മത്സരം ആസ്വാദകരുടെ ശ്രദ്ധ നേടി
പാലാ: വിദ്യാനികേതന്റെ തനത് ഇനമായ യോഗചാപ് മത്സരം ആസ്വാദകരുടെ ശ്രദ്ധ നേടി . ദേശഭക്തിഗാനത്തിന്റെ അകമ്പടിയില്‍ താളനിബന്ധമായ ചുവടുവയ്പുകളോടയാണ് യോഗചാപിന്റെ അവതരണം.
തടിയില്‍ തീര്‍ത്ത ഒന്നരയടി നീളമുള്ള ദണ്ഡിന്റെ രണ്ടറ്റത്തുമായി മാലപോലെ ബന്ധിപ്പിച്ച ലോഹ ചങ്ങലയില്‍ ഇലത്താളത്തിന്റെ ചെറു മാതൃക പോലെ തകിടില്‍ മുഖാമുഖം ചേര്‍ത്തുണ്ടാക്കുന്ന ഉപകരണമാണ് യോഗചാപ്. ഇതു കൈകൊണ്ട് താളാത്മകമായി ചലിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഹൃദ്യവും അനുപമവുമാണ്. സംഖശാഖകളിലും, ശിബിരങ്ങളിലും യോഗചാപ് പരിശീലനം ഒരു പ്രധാന ഇനമാണ്.
മനസില്‍ താളബോധവും ഏകാഗ്രതയും കൈവരിക്കാന്‍ യോഗചാപ് പരിശീലനം ഉപകരിക്കും.
ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ശ്രദ്ധേയരായി
രാഹിലും രാഹുലും
പാലാ: വിദ്യാനികേതന്‍ ജില്ലാ കലാമേളയില്‍ ഇഗ്ലീഷ്, ഹിന്ദി പദ്യംചൊല്ലല്‍, ഉപന്യാസം എന്നിവയില്‍ സഹോദരങ്ങളായ രാഹില്‍ എസ് നായരും, രാഹുല്‍ എസ് നായരും ശ്രദ്ധ നേടി. ഇംഗ്ലീഷ് ഉപന്യാസത്തിലും ഹിന്ദി പദ്യം ചൊല്ലലിലും ഒന്നാമനായ രാഹില്‍ ഐങ്കൊമ്പ് അംബിക വിദ്യാഭവനിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇംഗ്ലീഷ് ഉപന്യാസത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും രാഹിലിനായിരുന്നു. ഹിന്ദി പദ്യം ചൊല്ലലിലും സംസ്ഥാന ജേതാവായായ രാഹിലിന്റെ ഇഷ്ടവിനോദം വായനയാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ കവി വേഡ്സ്വര്‍ത്ത് ആണ് ഇഷ്ടകവി. രാഹിലിന്റെ സഹോദരന് ഈ സ്കൂളിലെ തന്നെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി രാഹുല്‍ എസ് നായരും ചേട്ടന്റെ വഴിയേതന്നെയാണ്. ഇംഗ്ലീഷ്, ഹിന്ദി പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും, ഇംഗ്ലീഷ് പ്രസംഗത്തില്‍ മൂന്നാം സ്ഥാനവുമുണ്ട് രാഹുലിന്. മാധ്യമ പ്രവര്ത്തന് ഏഴാച്ചേരി സ്വദേശി സന്തോഷിന്റെ മക്കളാണ് ഇരുവരും.
കലാമേളയില്‍
പാചകകലയുടെവിരുന്നൊരുക്കി
വിനോദ് രുദ്രവാര്യര്‍ ശ്രദ്ധേയനായി
പാലാ: സ്വാദിന്റെ വേദിയില്‍ പാചകകലയുടെ വിരുന്നൊരുക്കി വിനോദ് രുദ്രവാര്യര്‍ വിദ്യാനികേതന്‍ കലാമേളയിലെ നളനായി. ഐങ്കൊമ്പില്‍ നടന്ന വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും സംഘാടകരുമായ മൂവായിരത്തിലധികം പേര്‍ക്ക് ഭക്ഷണം ഒരുക്കിയാണ് വിനോദ് മേളയിലെ താരമായത്.
20 വര്‍ഷമായി പാചക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിനോദ് ആദ്യമായാണ് കലാമേളക്കായി ഭക്ഷണം ഒരുക്കുന്നത്. പാചക വിദഗ്ധനായിരുന്ന അച്ഛന് രുദ്രവാര്യരില് നിന്നാണ് അന്തീനാട് സ്വദേശിയായ വിനോദ് കുമാര്‍ രുചിക്കൂട്ടിന്റെ പാഠങ്ങള്‍ പഠിച്ചത്. ശശിധരന് നായര്‍, മറ്റക്കര സ്വദേശികളായ വാസുദേവന്‍ നായര്‍, ബാബു, അനില്‍, വാസുക്കുട്ടന്, എന്നിവരാണ് വിനോദിന്റെ സഹായികളായി പാചകപ്പുരയിലുണ്ടായിരുന്നത്. പായസം ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായി കുറ്റമറ്റ രീതിയില്‍ ഭക്ഷണം വിളമ്പി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കഴിഞ്ഞത് ഐങ്കൊമ്പ് പാറേക്കാവ് ദേവിയുടെ അനുഗ്രഹത്താലാണെന്നാണ് വിനോദ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: