കൊല്ലം: തുലാസിലായ കോര്പറേഷന് ഭരണം പിടിക്കാന്‍ ഇരുമുന്നണികളുടെയും ഭാഗത്തനിന്നു തിരക്കിട്ട ചര്‍ച്ചകള്‍.
ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫുമാണ് അണിയറയില്‍ കരുനീക്കം ശക്തമാക്കുന്നത്. സിപിഐക്ക് വേണ്ടി സിപിഎം മേയര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. മുന്നണി ധാരണ പ്രകാരമാണ് സിപിഎം മേയര്‍ സ്ഥാനം രാജിവച്ചത്. എന്നാല്‍ സിപിഐ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇതുവരെയും തീരുമാനമായില്ല. ഇതിനിടെ പിഡിപി കൗണ്‍സിലറുടെ സഹായത്തോടെ കൊല്ലം നഗരസഭ ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം.
സിപിഎമ്മിന് പിന്തുണ നല്‍കിയിരുന്ന പിഡിപിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സിപിഐ ദ്രോഹിച്ചിട്ടുണ്ടെങ്കിലും അവരോട് അയിത്തമില്ലെന്നു പിഡിപി കൗണ്‍സിലര്‍ എം.കമാലുദീന് വ്യക്തമാക്കികഴിഞ്ഞു.
ആര്‍എസ്പിയുടെ മുന്നണി മാറ്റത്തോടെ 55 അംഗങ്ങളുള്ള കൊല്ലം നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളാണ്. പിഡിപിയുടെ ഒരംഗത്തിന്റെ ബലത്തിലാണ് എല്‍ഡിഎഫ് ‘ഭരണം നിലനിര്‍ത്തുന്നത്. പിഡിപിയെ ഒപ്പം നിര്‍ത്തിയാല്‍ യുഡിഎഫിന് ഭരണം പിടിക്കാം. പിഡിപിയുമായി അകല്‍ച്ചയിലുള്ള സിപിഐക്ക് അവരുടെ പിന്തുണയോടെ മാത്രമേ മേയര്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയു. പിഡിപി അതിനു തയാറാകുന്നില്ലെങ്കില്‍ ആ സാധ്യത ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് ശ്രമം.
അതേസമയം പിഡിപിയുടെ കൗണ്‍സിലറുടെ പ്രതികരണം യുഡിഎഫിനെ കുഴയ്ക്കുന്നുതാണ്. സിപിഐയോട് എതിര്‍പ്പുണ്ടെങ്കിലും അയിത്തമില്ലെന്ന പിഡിപി നിലപാടാണ് യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്കു മങ്ങല്‍ ഏല്‍പ്പിക്കുന്നത്. പിഡിപി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഭരണം പിടിക്കാനുള്ള സാധ്യത ജില്ലയിലെ യുഡിഎഫ് നേതൃത്വം ഉപയോഗപ്പെടുത്തുന്നില്ലെന്നു ഏറ്റവുമൊടുവില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎമ്മിനെ ഭരിക്കാന്‍ സഹായിക്കുകയല്ല കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന വിമര്‍ശനമാണു യോഗത്തില്‍ ഉയര്‍ന്നത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റ് അധ്യക്ഷനായുള്ള യുഡിഎഫ് സമിതി രൂപീകരിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് മുന്നണി ധാരണ പ്രകാരം അടുത്ത മേയര്‍ സ്ഥാനം സിപിഐക്കാണെങ്കിലും ഇതുവരെയും അവരുടെ മേയര്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു തീരുമാനമായില്ല.
ഹണി ബെഞ്ചമിന്‍, ഹേമചന്ദ്രഭാനു, ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നിവരെയാണ് ഇപ്പോള്‍ സിപിഐയില്‍ നിന്നും മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. ഇതില്‍ ഹണി ബെഞ്ചമിന്‍ ജില്ലാ കൗണ്‍സില്‍ മെമ്പറാണ്. അതിനാല്‍ ഹണിക്കാണ് ആദ്യപരിഗണനയെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: