ചേര്‍ത്തല: ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന റവന്യു ജില്ലാകായിക മേളയില്‍ ചേര്‍ത്തല ഉപജില്ല തുടര്‍ച്ചയായി ആറാം തവണയും ഓവറോള്‍ കിരീടം നേടി. രണ്ടുനാള്‍ നീണ്ട മേളയില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 452 പോയിന്റുകള്‍ നേടിയാണ് ചേര്‍ത്തല ഉപജില്ല വിജയം നേടിയത്. 56 സ്വര്‍ണവും 37 വെള്ളിയും 25 വെങ്കലവും നേടിയാണ് ഇത്തവണ മേളയില്‍ കിരീടം ഉറപ്പിച്ചത്.
14 സ്വര്‍ണവും 16 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 158 പോയിന്റുകള്‍ നേടി ആലപ്പുഴ ഉപജില്ല രണ്ടാംസ്ഥാനത്തും 10 സ്വര്‍ണവും 17 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 134 പോയിന്റുകള്‍ നേടി മാവേലിക്കര ഉപജില്ല മുന്നാംസ്ഥാനത്തുമെത്തി. സ്കൂള്‍ വിഭാഗത്തില്‍ 22 സ്വര്‍ണവും 19 വെള്ളിയും രണ്ടു വെങ്കലവും നേടി 169 പോയിന്റുകളോടെ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് തുടര്‍ച്ചയായ എഴാം തവണയും ഒന്നാം സ്ഥാനത്തെത്തി.
11 സ്വര്‍ണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേടി 87 പോയിന്റുകളോടെ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സീസ് എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും അഞ്ച് സ്വര്‍ണവും ഒന്‍പത് വെള്ളിയും 11 വെങ്കലവും നേടി 63 പോയിന്റകളുമായി മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച് എസ്എസ് മുന്നാംസ്ഥാനത്തുമെത്തി. മേളയില്‍ തുറവൂര്‍ ഉപജില്ല 55 പോയിന്റും കായംകുളം ഉപജില്ല 37 പോയിന്റും ഹരിപ്പാട് ഉപജില്ല 36 പോയിന്റും ചെങ്ങന്നൂര്‍ ഉപജില്ല 32 പോയിന്റും തലവടി ഉപജില്ല മൂന്ന് പോയിന്റുകളും നേടി. അമ്പലപ്പുഴ, മങ്കൊമ്പ്, വെളിയനാട് ഉപജില്ലകള്‍ക്ക് ഒരുപോയിന്റു പോലും നേടാന്‍ കഴിഞ്ഞില്ല. 95 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ രണ്ടായിരത്തോളം കായികതാരങ്ങളാണ് പങ്കെടുത്തത്.
പ്രയാര്‍ ആര്‍വിഎസ്എം എച്ച്എസ്എസിലെ നന്ദു മോഹന്‍ 11 പോയിന്റുകള്‍ നേടി സബ്ജൂനിയര് വിഭാഗത്തില്‍ ഒന്നാമതും സബ്ജൂനിയര് ഗേള്സസ് വിഭാഗത്തില്‍ 15 പോയിന്റുകള്‍ നേടി ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ജി. രേഷ്മയും ഒന്നാമതെത്തി. ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ 13 പോയിന്റുകള്‍ നേടി ചാരമംഗലം ഡിവിഎച്ച്എസ്എസിലെ വി. ആകാശും ഗേള്‍സ് വിഭാഗത്തില്‍ 13 പോയിന്റുകള്‍ നേടി ഇതേ സ്കൂളിലെ എ.ആഷ്മയും ഒന്നാമതെത്തി. സീനിയര്‍ ബോയ് വിഭാഗത്തില്‍ 13 പോയിന്റുകളോടെ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ഡി. ദിനീഷ് ഒന്നാംസ്ഥാനവും ഗേള്‍സ് വിഭാഗത്തില്‍ 15 പോയിന്റുകള്വീതം നേടി അഞ്ജലി ബിജുവും ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ പ്രിയങ്ക ഹരിദാസും ഒന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: