കൊല്ലം: ഭരണഘടന എത്ര മനോഹരമാണെങ്കിലും, അത് ഉദാത്തമായ ആശയങ്ങളെ ഉദ്ഘോഷിക്കുന്നുണ്ടെങ്കിലും അവ പ്രാവര്‍ത്തികമാകണമെങ്കില്‍ നീതിന്യായവ്യവസ്ഥയില്‍ സമൂഹവും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്.
ജനങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ കുറ്റാന്വേഷണം ഫലപ്രദമാവുകയുള്ളു. വിചാരണയിലും ഇത് അത്യന്താപേക്ഷിതമാണ്. ജനങ്ങള്‍ സധൈര്യം മുന്നോട്ട് വന്നില്ലെങ്കില്‍ എങ്ങനെയാണ് കുറ്റവാളി ശിക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
പുത്തൂര്ഗോപാലകൃഷ്ണന് അനുസ്മരണത്തിന്റെ ഭാഗമായി ‘കുറ്റാന്വേഷണം-വര്‍ത്തമാനകാല സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എഡിജിപി.
നീതിന്യായ പ്രക്രിയ ശരിയായി ഉറപ്പ് വരുത്തുന്നതിന്റെ പ്രധാനഘടകം അന്വേഷണ, വിചാരണ പ്രക്രിയകളോട് ആനുപാതികമായി സഹകരിക്കുന്ന സാധാരണക്കാരുടെ സാന്നിദ്ധ്യമാണ്.
ഓരോ പൗരനും സ്വന്തം ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. തനിക്ക് പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറേണ്ടിവന്നിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നവരെ നാം കണ്ടുമുട്ടാറുണ്ട്. സമൂഹത്തെ പറ്റി ചിന്തിക്കാതെ, വ്യക്തിപരമായി ചിന്തിക്കുമ്പോഴാണ് തന്നിലേക്കുതന്നെ ചുരുങ്ങിപ്പോകുന്നത്. കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടണം. പക്ഷേ പരസ്യമായി തെളിവ് നല്കാന് തയ്യാറല്ല എന്ന നിലപാട് അപലപനീയമാണ്. നിയമം മൂലം പാലിക്കപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നതുകൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
അധികാരകേന്ദ്രങ്ങള്‍ പരിധി ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല മാധ്യമങ്ങളില്‍ അര്‍പ്പിതമാണെങ്കിലും കാവലാളെന്നതിലുപരി അന്വേഷണ ഉദ്യോഗസ്ഥരായും വിധികര്‍ത്താക്കളായും മാറുന്ന പ്രവണത ഗുണകരമല്ലെന്ന് ഹേമചന്ദ്രന് ചൂണ്ടിക്കാട്ടി. മാധ്യമവിചാരണ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹനന്മയെ അടിസ്ഥാനമാക്കിയാകണം നിയമസഭകളും നീതിന്യായ സംവിധാനങ്ങളും തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് വി കെ മോഹനന് പറഞ്ഞു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണഘടന ഉദ്ഘോഷിക്കുന്നുണ്ടെങ്കിലും വിധിന്യായത്തില്‍ ഇത് പ്രതിഫലിക്കാത്ത അവസ്ഥ നിലവിലുണ്ട്. പ്രേമവിവാഹത്തെചൊല്ലിയുള്ള റിട്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍, മകനോ മകളോ പ്രായപൂര്‍ത്തി ആയവരാണെങ്കില്പോലും രക്ഷിതാവിന് പ്രത്യേകമായ ഒരു അവകാശം കല്പിച്ചുനല്കുന്നത് സര്‍വ്വസാധാരണമാണ്. അന്യമതക്കാരെ വിവാഹം കഴിക്കരുതെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
എന്താണ് സോഷ്യലിസ്റ്റ് ജനാധിപത്യക്രമം, അത് എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും ജസ്റ്റിസ് മോഹനന് അഭിപ്രായപ്പെട്ടു. കൊല്ലം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി അര്ജ്ജുനന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കോളര്‍ഷിപ്പ് വിതരണം ജില്ലാ ജഡ്ജി അശോക് മേനോന് നിര്‍വ്വഹിച്ചു. സീനിയര്‍ അഭിഭാഷകരായ പി വിജയരാഘവന്, വരിഞ്ഞം രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അഡ്വ. കെ ജി പ്രസന്നരാജന്‍, അഡ്വ. വി വ്രജ്മോഹന്‍, അഡ്വ. കെ ഗോപിഷ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: