കൊച്ചി: 13-ാമത് റവന്യു ജില്ലാ സ്കൂള്‍ കായിക മേള കിരീടം കോതമംഗലത്തിന്.
653 പോയിന്റുകള്‍ നേടിയാണ് കോതമംഗലം ഉപജില്ല കിരീടം നിലനിര്‍ത്തിയത് 77 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനം നേടി.
40 പോയിന്റുള്ള അങ്കമാലിക്കാണ് മൂന്നാം സ്ഥാനം. കോലഞ്ചേരി, കൂത്താട്ടുകുളം ഉപജില്ലകള്‍ക്ക് പോയിന്റൊന്നും നേടാനായില്ല. സ്കൂള്‍ വിഭാഗത്തില്‍ 293 പോയിന്റുമായി സെന്റ് ജോര്‍ജ്ജ് ചാമ്പ്യന്മാരായി. 206 പോയിന്റോടെ മാര്‍ബേസില്‍ രണ്ടാം സ്ഥാനവും 89 പോയിന്റോടെ മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. എസ്.എച്ച് തേവര (53), മാര്‍ അഗസ്റ്റിന് എച്ച്.എസ് തുറവൂര്‍ (13) സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
74 സ്വര്‍ണവും 65 വെള്ളിയും 58 വെങ്കലവുമാണ് കോതമംഗലം നേടിയത്. എറണാകുളം ഉപജില്ല 10 സ്വര്‍ണവും 5 വെള്ളിയും ആറു വെങ്കവലും നേടി. നാലു റെക്കോഡുകള്‍ക്ക് കൂടി അവസാന ദിനം മീറ്റ് സാക്ഷിയായി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തേവര സ്കൂളിന്റെ അലീഷ.പി.ആര് (10.27.1), ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി (10.19.0), ഹാമര്‍ത്രോയില്‍ മാതിരപ്പിള്ളി സ്കൂളിന്റെ ഐശ്വര്യ പി.ആര് (33.83മീറ്റര്‍), ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മാര്‍ബേസിലിന്റെ ക്ലിറ്റോ ആന്റണി (13.42) എന്നിവരാണ് ഇന്നലെ റെക്കോഡിട്ടത്.
ആദ്യദിനം 1500 മീറ്ററിലും റെക്കോഡിട്ട മേഴ്സികുട്ടന് അക്കാദമിയുടെ താരമായ അലീഷ പി.ആര് മീറ്റിലെ ഏക ഡബിള്‍ റെക്കോഡിനും ഉടമയായി. മീറ്റില്‍ ആകെ ഒമ്പത് റെക്കോഡുകളാണ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: