പാലക്കാട്: റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം 17, 18, 19 തീയതികളില്‍ അനങ്ങനടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേളകള്‍ അനങ്ങനടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പനമണ്ണ എ.യു.പി സ്കൂളിലും അനങ്ങനടി മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലും പാലക്കോട് മദ്രസ്സാ ഹാളിലുമാണ് നടത്തുന്നത്. ശാസ്ത്രോത്സവത്തിന് 17 ന് രാവിലെ 8.30 ന് ഡി.ഡി.ഇ. പതാക ഉയര്‍ത്തും. രാവിലെ 10 ന് എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.എസ്. സലീഖ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ എം. ഹംസ, അഡ്വ.എന്‍.ഷംസുദ്ദീന്, മുന്‍ ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞന് എം.കെ.വെങ്കിടകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാവിലെ ഒമ്പതിന് ശാസ്ത്രനാടകം അരങ്ങേറും. 274 ഇനങ്ങളിലായി 12 ഉപ ജില്ലകളിലെ 7000 കുട്ടികള്‍ മാറ്റുരക്കും.
ശാസ്ത്രമേളയില്‍ 15 ഇനങ്ങളും ഗണിതശാസ്ത്രമേളയില് 31 സാമൂഹ്യശാസ്ത്രം 28, പ്രവൃത്തി പരിചയ പ്രദര്‍ശനമത്സരം 90, പ്രവൃത്തി പരിചയം തത്സമയം 120 ഇനങ്ങളിലാണ് മത്സരം. ഈ വര്‍ഷം ആര്.എം.എസ്.എ. പവലിയനില്‍ ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയുടെ വിജയികളുടെ ഉല്പന്നങ്ങള് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.
17 ന് അനങ്ങനടി എച്ച്.എസ്.എസില്‍ സാമൂഹ്യ ശാസ്ത്രമേളയില്‍ ക്വിസ്, പ്രസംഗം, പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിര്‍മ്മാണ മത്സരങ്ങള്‍ നടക്കും. ഗണിതശാസ്ത്രമേളയിലെ മുഴുവന്‍ ഇനങ്ങളും രാവിലെ ഒമ്പത് മണിക്ക് പ്രദര്‍ശിപ്പിക്കും. ഒമ്പതിന് ഹൈസ്ക്കൂള് വിഭാഗം ശാസ്ത്രനാടകം ആരംഭിക്കും. ഐ.ടി.മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മലയാളം ടൈപ്പിങ് മത്സരങ്ങള്‍ നടക്കും. പനമണ്ണ എ.യു.പി സ്കൂളില്‍ സാമൂഹിക ശാസ്ത്രമേള നടക്കും.
18 ന് പ്രവൃത്തി പരിചയമേള നടത്തും. 19 ന് ശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തി പരിചയമേള പ്രദര്‍ശനം എന്നിവ നടത്തും. 19 ന് വൈകീട്ട് നാലിന് സമാപനസമ്മേളനം സി.പി. മുഹമ്മദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഗൗരി സമ്മാനദാനം നിര്‍വഹിക്കും.
സംസ്ഥാനതലത്തില്‍ ശാസ്ത്രോത്സവവിജയികള്ക്ക് ഇത്തവണ സ്വര്‍ണ്ണക്കപ്പ് നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ ജില്ല, സംസ്ഥാനതലത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ശാസ്ത്രോത്സവം സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, ഡി.ഡി.ഇ. എ. അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സി. അശോക് കുമാര്‍, അനങ്ങനടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ.ജയകുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കരീം പടിക്കുണ്ടില്, ഹമീദ് കൊമ്പത്ത്, സാജിദ് ചെര്‍പ്പുളശ്ശേരി, കെ.ടി. ഹനീഫ് പി.പി.എ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: