മരട്: കാര്‍ വില്‍പ്പന കേന്ദ്രത്തില്‍ മുന്‍കൂര്‍ പണം നല്കി ബുക്കു ചെയ്തിട്ടും യഥാസമയം കാര്‍ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാര്‍ വാങ്ങാനെത്തിയ 4 യുവതി-യുവാക്കളെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി മനു മോഹന്‍ (29) കലൂര്‍ ആസാദ് റോഡില്‍ വൈലോപ്പിള്ളി ലൈനില്‍ ബി- 3 പ്രഭയില്‍ നീതു (28) തിരുവല്ല മാതൃക്കോവില്‍ ഐശ്വര്യ (28) ബാംഗഌര് സില്‍വര്‍ ക്രൗഡ് ലേ ഔട്ട് സണ്‍ ഷൈന്‍ സ്കൂളിനു സമീപം ഗേറ്റ് നമ്പര്‍ 3 സോണ റെയ്ച്ചല്‍ (30) എന്നിവരെയാണ് പനങ്ങാട് എസ്.ഐ. എം.പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവരെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് ജീപ്പിനു മുമ്പില്‍ പ്രതിഷേധവുമായി ജീപ്പു തടഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷന് സമീപത്തുള്ള ഇവിഎം (നിസാന്‍) കാര്‍ ഷോറൂമിലാണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവിടെ എത്തിയ കാര്‍ ബുക്കു ചെയ്തിരുന്ന മനു മോഹനനും അയാളുടെ സുഹൃത്തുക്കളായ 3 യുവതികളും ഷോറൂമില്‍ എത്തി വിവരം അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്നാണ് ഇവര്‍ പറയുന്നത്. നിസാന്‍ കമ്പനി അധികൃതര്‍ എത്തി തങ്ങള്‍ ബുക്കു ചെയ്ത കാര്‍ നല്‍കണം എന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. നിസാന്‍ കമ്പനി അധികൃതര്‍ വ്യാഴാഴ്ച സ്ഥലത്തെത്തി. ഇവര്‍ ബുക്കു ചെയ്തിരുന്ന കാര്‍ സ്റ്റോക്കില്ല എന്നും പകരം മറ്റൊരു വില കൂടിയ കാര്‍ നല്‍കാമെന്നും പറഞ്ഞെങ്കിലും തങ്ങള്‍ക്ക് അന്നത്തെ വിലക്ക് കാര്‍ കിട്ടണമെന്നും ഇവര്‍ വാശി പിടിച്ചു.
ഒത്തുതീര്‍പ്പ് എങ്ങുമെത്താതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഇവര്‍ 4 പേരും ഷോറൂമിനു മുമ്പില്‍ കുത്തിയിരുന്നു മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചു. ഒട്ടേറെ നാട്ടുകാരും ഇവരോടൊപ്പം ചേര്‍ന്നു. കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: