കോട്ടയം: ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കങ്ങളൊന്നുമായില്ല. ഇന്നലെ മുതല്‍ അന്യസംസ്ഥാനക്കാരായ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിട്ടില്ല.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഈ ശബരിമല സീസണിന്റെ മുമ്പ് എക്സലേറ്റര്‍ സ്ഥാപിക്കുമെന്ന ജോസ് കെ മാണി എം.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും പാഴായി. എക്സലേറ്ററിന്റെ നിര്‍മാണം പാതിവഴിയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇന്നലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്റിലും മറ്റും എത്തിപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റനായി ആകെയുള്ളത് രണ്ട് ശൗച്യാലയങ്ങള്‍ മാത്രമാണ്.
വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതോടെ സ്ഥിതി കൂടുതല്‍ ദുരിതമാവും. ശബരിമല തീര്‍ത്ഥാടകര്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച വിശ്രമകേന്ദ്രത്തിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പി കെ ആനന്ദക്കുട്ടന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: