കോട്ടയം: ഭക്ഷ്യ-ധനമന്ത്രിമാര്‍ റേഷന്‍ വ്യാപാരികളെ വഞ്ചിച്ചതായി ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി. കമ്മീഷന് ക്വിന്റലിന് 200 രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഭക്ഷ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. ഇത് 100 രൂപയായി കുറച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. റേഷന്‍ വ്യാപാരികള്‍ പണം പിരിച്ച് ഭക്ഷ്യ-ധനമന്ത്രിമാരുടെ പാര്‍ട്ടി നേതാക്കള്‍ക്ക് നല്കിയാല് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വാഗ്ദാനം നിരസിച്ചതാണ് അവഗണനയ്ക്ക് കാരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഒത്തു തീര്‍പ്പു വ്യവസ്ഥയുടെ അടിസ്ഥാനത്തിലല്ല ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സമരം പിന്‍വലിച്ചതെന്നും, ഭക്ഷ്യ സുരക്ഷാപദ്ധതി നീട്ടിവച്ചതിനാലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നും, പദ്ധതി നടപ്പിലാക്കുന്ന ദിവസം മുതല്‍ മാസവേതനം ആവശ്യപ്പെട്ട് സമരം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ അടൂര്‍ ഗോപാലന് നായര്‍, എ. ഷാജഹാന്, എ.ആര് ബാലന്, സോമന് കിടാരക്കുഴി, റ്റി.ജെ ജോസഫ് കുഞ്ഞ്, ആര്. വേണുഗോപാല്‍, കെ.എം മുസ്തഫ, ആന്റണി പാലക്കുഴി, എന്‍.ബി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: