ചെങ്ങന്നൂര്‍: മഹാദേവക്ഷേത്രത്തിലെ ദേവി തൃപ്പൂത്തായി. ആറാട്ട് 16ന് രാവിലെ എട്ടിന് മിത്രപ്പുഴകടവില് നടക്കും. മലയാളവര്‍ഷത്തെ രണ്ടാമത് തൃപ്പൂത്താറാട്ടാണ് ഞായറാഴ്ച നടക്കുന്നത്. 7.30ന് ക്ഷേത്രത്തില്‍ നിന്നും ദേവിയെ ആറാട്ടിനായി ക്ഷേത്രകടവിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ആറാട്ട് നടക്കും. ആറാട്ടിന് ശേഷം ഗജവീരന്മാരുടെയും, താലപ്പൊലികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ആറാട്ട് ഘോഷയാത്ര കിഴക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ചാലുടന്‍ ശ്രീപരമേശ്വരന് ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലംവയ്ക്കുകയും അകത്തേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. തുടര്‍ന്ന് കളഭാഭിഷേകവും നടക്കും. ആറാട്ടുചടങ്ങുകള്ക്കും, കളഭാഭിഷേകത്തിനും തന്ത്രി കണ്ഠരര് മഹേശ്വരര്, തന്ത്രി കണ്ഠരര് മോഹനരര് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആറാട്ട് ദിവസം ഭക്തര്‍ക്ക് നെല്‍പ്പറ, അരിപ്പറ, മഞ്ഞള്‍പ്പറ എന്നിവ സമര്‍പ്പിക്കാം. ആറാട്ട് ദിവസം മുതല്‍ പന്ത്രണ്ട് ദിവസം ഹരിദ്രപുഷ്പാഞ്ജലി വഴിപാടും നടക്കുമെന്ന് എഒ: ആര്.ജയശ്രീ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: