ആലപ്പുഴ: കുട്ടനാട് പാക്കേജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി കൃഷിമന്ത്രി കെ.പി. മോഹനന്. പാക്കേജ് നടത്തിപ്പിന്റെ കാലാവധി കഴിഞ്ഞ 2012ല്‍ തന്നെ കാലാവധി നീട്ടിക്കിട്ടാന്‍ കേന്ദ്രത്തെ സമീപിക്കേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാളിച്ച സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അസോസിയേഷന് ഓഫ് അഗ്രിക്കള് ഓഫീസേഴ്സ് കേരളയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനുണ്ടായ വീഴ്ച കേന്ദ്രത്തോട് സമ്മതിച്ചിട്ടുണ്ട്. പാക്കേജിന്റെ കാലാവധി നീട്ടിക്കിട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിയുമായി 40 മിനിറ്റിലേറെ ചര്‍ച്ച ചെയ്തു. പാക്കേജ് നീട്ടിക്കിട്ടേണ്ടതിന്റെ ആവശ്യകത കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയെങ്കിലും ഉമാഭാരതി 2016 ഡിസംബര്‍ വരെ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് കൂടുതല്‍ പണം അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സമ്മതിച്ചതായി കെ.പി. മോഹനന് പറഞ്ഞു.
കുട്ടനാട് പാക്കേജ് നടത്തിപ്പിലെ വിവിധ ഘട്ടങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി അടുത്തുതന്നെ പാക്കേജിന്റെ പ്രോസ്പിരിറ്റി കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാടശേഖര സമിതികള്‍ക്ക് ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ ഗുണപരമായ നീക്കം ആരംഭിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കര്‍ഷകരുടെ ഗുണപരമായ നേട്ടങ്ങള്‍ക്ക് കൃഷി ഉദ്യോഗസ്ഥര്‍ക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയും. ‘എല്ലാവരും പാടത്തേക്ക്’ എന്ന പദ്ധതി കാര്യക്ഷമമായി നടക്കാന്‍ കൃഷി ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് സ്റ്റാന്‍ലി ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: