ചാലക്കുടി: പൊരിങ്ങല്‍കുത്തില്‍ ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി നീണ്ട ഇടവേളക്ക് ശേഷം ബോട്ടിംഗ് പുനരാരംഭിക്കാന്‍ തീരുമാനമായി. ബി.ഡി.ദേവസ്സി എംഎല്‍എയുടെ അധ്യക്ഷതയില്‍ പൊരിങ്ങല്‍കുത്ത് കെഎസ്ഇബി ബംഗ്ലാവില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഡാമിനോട് ചേര്‍ന്നുള്ള ക്വോര്‍ട്ടേഴ്സുകളും ഉപയോഗശൂന്യമായ ആശുപത്രി കെട്ടിടവും നവീകരിച്ച് ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യമൊരുക്കും.
ഇരുപത് കുടുംബങ്ങള്‍ക്ക് താമസിക്കാനാകുന്ന പത്ത് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററിനാണ് നിര്‍മ്മാണ ചുമതല. അടുത്തമാസം പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് പദ്ധതി. പെരിങ്ങല്‍ ഡാമില്‍ മുമ്പ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു. പിന്നീടത് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഡാം സേഫ്റ്റിയുടെ ഭാഗമായാണ് ബോട്ട് സര്‍വ്വീസ് നിര്‍ത്തിയത്.
മന്ത്രിയുടെ ഗവേണിംഗ് ബോഡി യോഗത്തിലാണ് ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ പതിനാറ് പേര്‍ക്കിരിക്കാവുന്ന ഒരു ബോട്ടും അഞ്ച് പേര്‍ക്കിരിക്കാവുന്ന ഒരു സ്പീഡ് ബോട്ടുമാണ് സജ്ജീകരിക്കുന്നത്. അതിരപ്പിള്ളി മേഖലകളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് സംശയമുയര്‍ത്തിയിരുന്നു. ടൂറിസ്റ്റുകളുടെ സംരക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകള്‍ക്ക് ടോയ്ലറ്റ് സൗകര്യവും ഉടന്‍ നിര്‍മ്മിക്കാനും തീരുമാനമായി.
ഡാംഡ്രിപ്പ് എന്ന പേരില്‍ കേന്ദ്രഫണ്ടില്‍ നിന്നനുവദിച്ചിരിക്കുന്ന 110 കോടി രൂപ രണ്ടാംഘട്ട വികസനത്തിനായി ഉപയോഗിക്കും. താരിക്കോട്, കക്കയം, ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാം സൈറ്റുകളെ ഉള്‍ക്കൊള്ളിച്ചുള്ള മലബാര്‍ സര്‍ക്യൂട്ട് എന്ന പേരില്‍ ടൂറിസം പദ്ധതിക്കും രൂപം നല്കി. ഡിസംബറില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡല്‍ ടൂറിസം ടെക്നിക്കല്‍ കമ്മറ്റി അംഗം ആര്.ചന്ദ്രശേഖര്‍, ടൂറിസം പ്ലാനര്‍ ചെയര്മാന് ഡയറക്ടര്‍ രാജീവ് മാനുവല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: