കാക്കനാട്: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വന്‍ തട്ടിപ്പെന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം പേര് ഇന്നലെ കളക്ടറേറ്റ് ഉപരോധിച്ചു. പദ്ധതി പ്രകാരം പട്ടയം കിട്ടിയവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിച്ചിട്ടില്ല. കള്ളപ്പട്ടയം വിതരണംചെയ്തു തങ്ങളെ ചതിച്ചതെന്തിനെന്നു കാട്ടി പട്ടയം കിട്ടേണ്ടവര്‍ യു.പി.എ അധ്യക്ഷ സോണിയയ്ക്ക് ഫാക്സ് സന്ദേശമയച്ചു.
ജില്ലാ കളക്ടര്‍ ഇല്ലാതിരുന്നതിനാല്‍ എഡിഎം ബി.രാമചന്ദ്രന് പരാതി നല്കി. അങ്കമാലി കറുകുറ്റിയില്‍ നിന്നും, മലയാറ്റൂരില്‍ നിന്നും വന്നവരാണ് ഏറെയും. കറുകുറ്റിയിലും മലയാറ്റൂരിലും 348 പേര്‍ക്ക് പട്ടയം അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഭൂമി നല്‍കിയത് 50 പേര്‍ക്ക്. ഇന്നലെ രാവിലെ പത്തു മണിയോടെ എത്തിയ ഇവര്‍ ജില്ലാ കലക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ ചേമ്പറിന് പുറത്തു തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി കളക്ടറുടെ ചേംബറിന് മുന്പിലിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 30 നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരമുള്ള പട്ടയ വിതരണം തിരുവനന്തപുരത്തു നടന്നത്. ഏറെ കൊട്ടിഘോഷിച്ചു പൊതുഖജനാവില്‍ നിന്നും കോടികള്‍ തുലച്ചാണ് യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയെ കൊണ്ട് വന്നു പട്ടയം വിതരണം ചെയ്തത്. ജില്ലാ കളക്ടറുടെ അര്‍ഹതാ ലിസ്റ്റില്‍ നിന്നും 131 പേരെയാണ് കറുകുറ്റിയില്‍ നിന്നും തെരഞ്ഞെടുത്തത്. ഇതില്‍ 42 പേര്‍ക്കാണ് തിരുവനന്തപുരത്തു വെച്ചു സോണിയാ ഗാന്ധി പട്ടയം നല്‍കിയത്. മൂന്നു സെന്റ് വെച്ചു 149/ 2 സര്‍വേ നമ്പരില്‍ പെട്ട ഒന്നരയേക്കറിലധികം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് ഇവര്‍ക്ക് പതിച്ചു നല്‍കിയത് .ഈ ഭൂമി അളന്നു കിട്ടുന്നതിനു വേണ്ടി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ജില്ലാ കലക്ടര്‍ ,ആലുവ തഹസീല്‍ദാര്‍ , കറുകുറ്റി വില്ലേജ് ആഫീസര്‍ എന്നിവരെ പല പ്രാവശ്യം ഇവര്‍ സമീപിച്ചു. ഒടുവിലാണ് തങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ഭൂമി മറ്റൊരാള്‍ക്ക് കരം തീര്‍ത്ത് നല്‍കിയെന്ന് അറിയുന്നത്.
ജൂണ്‍ 3 നു തങ്ങള്‍ക്കു പട്ടയം കിട്ടിയ ഭൂമിയിലേക്ക് താമസം മാറാന്‍ എല്ലാവരും തീരുമാനിക്കുകയും, ഇവരെ സ്ഥലമുടമയെന്നവകാശപ്പെടുന്നവര് ഗുണ്ടകളെ വിട്ടു മര്‍ദ്ദിക്കുകയും ,കുടിയിറക്കുകയും ചെയ്തു. അന്ന് അങ്കമാലി സിഐയാണ് ഇവരെ രക്ഷപെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ പുറമ്പോക്ക് ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കിയെന്നാണ് റവന്യു അധികാരികളുടെ വാദം. ഇതിന്‍പ്രകാരം ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ മറവില്‍ ഇവര്‍ക്ക് നല്കിയ പട്ടയ ഭൂമിയായ ഒരേക്കര്‍ 49 സെന്റ് ഭൂമി മുന്നാധാര കക്ഷിയായ ജോസ് പൊന്തെപ്പിള്ളിയില് നിന്നും പൈനാടത്ത് മേരി സെബാസ്ത്യന് തീറു വാങ്ങി കയ്യില്‍ വെച്ചനുഭവിക്കുകയാണെന്ന് മാര്‍ച്ച് 10 നു ആലുവ അഡീഷണല്‍ തഹസീല്‍ ദാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .ഇത് തര്‍ക്ക രഹിത ഭൂമികള്‍ മാത്രമേ പട്ടയ വിതരണത്തില്‍ ഉള്‍പ്പെടുത്താവൂ എന്ന ഉത്തരവിന്റെ ലംഘനമാണ്. ഇവിടെയാരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്ന് കണ്ടെത്തേണ്ടി യിരിക്കുന്നു.
മലയാറ്റൂര്‍ വില്ലേജിലെ 217 പേര്‍ക്കാണ് ഭൂമി അലോട്ട് ചെയ്തു പട്ടയം നല്‍കിയത് .എന്നാല്‍ നാളിതു വരെ അന്‍പതോളം പേര്‍ക്ക് മാത്രമാണ് കടമ്പകള്‍ പലതു കടന്നു ഭൂമി കിട്ടിയത്. മലയാറ്റൂരില്‍ സ്ഥലം കൊടുത്തത് കരിങ്കല്‍ ക്വാറി ക്ക് സമീപം.ഇവിടേയ്ക്ക് കയറാന്‍ വഴിയില്ല.ഇവിടെയും വസ്തു സ്വകാര്യ വ്യക്തിയുടെ കയ്യിലാണ്.
ജൂണ്‍ 30 നകം ഭൂമി അളന്നു നല്‍കാമെന്ന് ആലുവ തഹസീല്‍ദാര്‍ ഉറപ്പു നല്‍കിയിരുന്നു .ഇവരില്‍ പലരും ഭൂമി കിട്ടി ഉടന്‍ തന്നെ കുടില്‍ കെട്ടി താമസിക്കാമെന്ന മോഹത്തില്‍ ഉള്ള കൂര പൊളിച്ചു വാടകവീട്ടിലേക്ക് മാറി.ഒരു വര്‍ഷം കഴിഞ്ഞിട്ടും ജില്ലാ കളക്ടറോ, റവന്യു അധികാരികളോ കണ്ട മട്ടില്ല. ജൂണ്‍ 9 നു ആലുവ തഹസീല്‍ദാര്‍ മലയാറ്റൂര്‍ വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 61 / 1 ,61 /,61 / 5 ,59 / 2 ,50 / 7 എന്നീ സര്‍വേ നമ്പറുകളില്‍ പെട്ട ഭൂമി അളന്നു നല്‍കുമെന്ന് പറഞ്ഞിട്ട് മാസങ്ങളായിട്ടും നടപടിയായില്ല. മലയാറ്റൂരിലും കറുകുറ്റിയിലുമുള്ള പുറമ്പോക്ക് ഭൂമികള്‍ ചില രാഷ്ട്രീയക്കാരുടെ സഹായത്തോടെ സമ്പന്നര്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: