പറവൂര്‍: പറവൂര്‍ എംഎല്‍എ നടപ്പാക്കുന്ന ശാസ്ത്രയാന്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ അംബേദ്കര്‍ പാര്‍ക്കില്‍ നിര്‍മിക്കുന്ന സയന്‍സ് പാര്ക്കിന് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് പാര്‍ക്ക് എന്ന് നാമകരണം ചെയ്യുന്നതാണ് പറവൂര്‍ സിപിഎമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
പേര് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായിട്ടാണ് തീരുമാനിച്ചതെന്നാണ് ചെയര്‍പേഴ്സണ്‍ പറഞ്ഞത്. സിപിഎം ഏരിയ കമ്മറ്റി അംഗമായ പ്രതിപക്ഷനേതാവ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു എന്ന് ഭരണപക്ഷാംഗങ്ങള്‍ പറയുന്നു. എന്നാല്‍ ഏരിയാ കമ്മറ്റി അംഗമായ മറ്റൊരു നേതാവ് ഭാരതത്തിന്റെ ഭരണഘടനാ ശില്‍പ്പിയായ ഡോ.ബി.ആര്.അംബേദ്കറുടെ ചേരിയിലുള്ള പാര്ക്കിന് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് പാര്‍ക്ക് എന്നാക്കി മാറ്റുന്നതിനെതിരെ രംഗത്ത് വന്നതാണ് പാര്‍ട്ടിയില്‍ പുതിയ ചേരിപ്പോരിന് വഴിവെച്ചത്.
ഇതേ അഭിപ്രായവുമായി സ്വന്തം ഗ്രൂപ്പുകാരനായ മറ്റൊരു ഏരിയാ കമ്മറ്റിയംഗവും രംഗത്തുവന്നുകഴിഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത് ശരിവക്കുന്നതാണ് ഏരിയാ കമ്മറ്റിയംഗങ്ങളുടെ പുതിയ നിലപാടിലൂടെ പുറത്തുവന്നത്. സയന്‍സ് പാര്ക്കിന് ജവഹര്‍ലാല്‍ നെഹ്റുവിന്റെപേര് നല്‍കുന്നത് അംബേദ്കറോടുള്ള അവഗണനയും അനാദരവുമാണെന്നാണ് വിവിധ പട്ടികജാതി സംഘടനകളും ഹിന്ദുഐക്യവേദിയും ആരോപിക്കുന്നത്.
പാര്‍ട്ടി സമ്മേളനത്തില്‍ തെരഞ്ഞെടുത്ത ഏരിയാ സെക്രട്ടറി വിഎസ് പക്ഷക്കാരനായ അഡ്വ.എന്‍.എ.അലിയെ സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പിണറായി പക്ഷക്കാരനായ ടി.ആര്.ബോസിനെ സെക്രട്ടറിയായി കൊണ്ടുവന്നതും പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെ മുകളില്‍നിന്ന് കെട്ടിയിറക്കിയതും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചോദ്യം ചെയ്തത് നേതാക്കള്‍ക്ക് മറുപടിയില്ലാതായി. ഇതിനിടയില്‍ പുതിയ ഏരിയാ സെക്രട്ടറിയുടെ തട്ടകമായ മൂത്തകുന്നം ലോക്കല്‍ കമ്മറ്റിയില്‍ വിഎസ് പക്ഷം ആധിപത്യം സ്ഥാപിച്ചത് ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടയിലാണ് കൂനിന്മേല് കുരു എന്നപോലെ പ്രതിപക്ഷ നേതാവിനെതിരെ ഔദ്യോഗികപക്ഷത്ത് നിന്ന് ഒരു വിഭാഗം തിരിഞ്ഞിരിക്കുന്നത്. ഇത് വിഎസ് പക്ഷത്തിന് നേട്ടമാകും എന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: