മട്ടാഞ്ചേരി: വാര്‍ഡ് സഭകള്‍ വിളിച്ചുചേര്ക്കാത്തതിനാല് മേയറും മുന്‍ മേയറും സ്ഥിരം സമിതി ചെയര്മാന്മാരുമടക്കം 43-ഓളം കൗണ്‍സിലര്‍മാര്‍ അയോഗ്യരാക്കേണ്ടവരുടെ പട്ടികയില്‍. മേയര്‍ ടോണി ചമ്മിണി, മുന്‍ മേയര്‍ കെ.ജെ.സോഹന്‍, കൗണ്‍സിലറും ജിസിഡിഎ ചെയര്‍മാനുമായ എന്‍.വേണുഗോപാല്‍, കോര്പ്പറേഷന് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ (ചെയര്‍പേഴ്സണ്‍) ടി.കെ.അഷറഫ്, ആര്.ത്യാഗരാജന്, സൗമിനി ജെയന്‍, എസ്സിജോസഫ് തുടങ്ങിയവര്‍ പട്ടികയിലുള്‍പ്പെടുന്നുണ്ട്.
മുനിസിപ്പല്‍ നിയമപ്രകാരം വാര്‍ഡുതല വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ആസൂത്രണ പദ്ധതികള്‍ക്കുമായുള്ള ജനാധിപത്യനിയമാനുസൃതമായ വാര്‍ഡു ജനസഭകള്‍ വിളിക്കാത്തതടക്കമുള്ള വീഴ്ചകളാണ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നിയമാനുസൃതനടപടിക്കായി നീക്കം നടക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു, ഷാജി കെ.പൗലോസ്, ജോര്‍ജ്ജ് മാര്ട്ടിന്, ഷക്കീര്‍ അലി എന്നിവരാണ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തിനകം വിഷയാനുസൃതമായറിപ്പോര്ട്ട് ഇലക്ഷന് കമ്മീഷന് സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറിയോട് ഹൈക്കോടതി ഒക്ടോബര്‍ 14ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കാത്തതിനെതുടര്‍ന്ന് കോടതിയലക്ഷ്യ നടപടിക്കൊപ്പം നിയമവീഴ്ച വരുത്തിയ കോര്‍പ്പറേഷനിലെ 43 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.
മുനിസിപ്പല്‍ നിയമപ്രകാരം ആറ് മാസത്തിലൊരിക്കലെങ്കിലും വാര്‍ഡുതലത്തില്‍ വോട്ടര്‍മാരെ പങ്കെടുപ്പിച്ച്കൊണ്ട് വാര്‍ഡുസഭകള്‍ നടത്തണം. കൂടാതെ അതാത് വിഷയങ്ങളിലെ വിഷയാനുബന്ധമായ സ്ത്രീസഭകള്, ബാലസഭകള്, വയോജനസഭ, വികലാംഗസഭ എന്നിവയും വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം.
കൊച്ചിന് കോര്‍പ്പറേഷനിലെ 74 അംഗ കൗണ്‍സിലര്‍മാരില്‍ 43 പേര് ഇതുവരെ വാര്‍ഡുസഭകള്‍ വിളിച്ചതായി രേഖകളില്ലെന്നാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. അയോഗ്യരാക്കേണ്ട 43 കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ 25 പേര് കോണ്‍ഗ്രസ്സുകാരും, എട്ട്പേര്‍ സിപിഎമ്മുകാരും, മൂന്ന് പേര് മുസ്ലീംലീഗ്, മൂന്ന് സ്വതന്ത്രര്‍, രണ്ട് കേരളാകോണ്‍ഗ്രസ്സ്, ഒരാള്‍ സോഷ്യലിസ്റ്റ് ജനത എന്നീങ്ങനെയാണ്.
മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡു സഭകള്‍ വിളിച്ചു ചേര്‍ക്കാത്ത കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പലരും വാര്‍ഡുസഭകള്‍ ചേരുകയും, കോടതി നിയമനടപടികള്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തതായി പരാതിക്കാരായ ഷക്കീര്‍ അലി, ജി.പി.ശിവന്‍കുട്ടി എന്നിവര്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരും, ചില ഇടതുപക്ഷ കൗണ്‍സിലര്‍മാരും മാത്രമാണ് നിയമാനുസൃതമായി വാര്‍ഡുസഭകള്‍ വിളിച്ചുചേര്‍ത്ത് രേഖകള്‍ സൂക്ഷിച്ച് വെയ്ക്കുന്നതെന്നും ഇവര്ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: