കൊച്ചി: ടീം ബോസ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ഗ്യാലറിയില്‍ ആവേശം പകരാനുണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കെട്ട് പൊട്ടിക്കാനായില്ല. പതിനായിരങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ ആക്രമിച്ചു കളിച്ചെങ്കിലും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ രഹിത സമനില വഴങ്ങി. മികച്ചൊരു സ്ട്രൈക്കറുടെ അഭാവമായിരുന്നു മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ നിഴലിച്ചുനിന്നത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതുകൊണ്ടും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതുകൊണ്ടും മാത്രം കളി ജയിക്കില്ല എന്ന തിരിച്ചറിവ് ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര്‍മാരായ സബീത്തിനും മിറാലസ് ഗൊണ്‍സാല്‍വസിനും ഉണ്ടായില്ല. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഒപ്പം മുംബൈ എഫ്സി ഗോളി സുബ്രതാ പാലിന്റെ തകര്‍പ്പന്‍ ഫോമും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
കൊച്ചിയില്‍ നടന്ന മൂന്ന് ഹോം മത്സരങ്ങളില്‍ ഗോവ എഫ്സിയെ 1-0ന് ബ്ലാസ്റ്റേഴ്സ് കീഴടക്കിയെങ്കിലും കഴിഞ്ഞ ദിവസം ദല്‍ഹി ഡൈനാമോസിനോടും സമനില വഴങ്ങാനായിരുന്നു അവരുടെ യോഗം.
എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് പോയിന്റുമായി ആറാം സ്ഥാനത്തും മുംബൈ സിറ്റി എഫ്സി 11 പോയിന്റുമായി നാലാം സ്ഥാനത്തും തുടരുകയാണ്.
ദല്‍ഹി ഡൈനാമോസിനെതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ മുംബൈ സിറ്റി എഫ്സിയെ നേരിട്ടത്. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ഹ്യൂം, ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്രൂ ബരിസിച്ച് എന്നിവര്‍ക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ചത് ഇന്ത്യന്‍ താരങ്ങളായ സി.എസ്. സബീത്തും മിലാഗ്രസ് ഗൊണ്സാലവസും.
പ്രതിരോധത്തില്‍ നിര്‍മ്മല്‍ ഛേത്രിക്കും അവിനാബോ ബാഗിനും പകരം ഫ്രഞ്ച് താരം കോളിന് ഫാല്‍വെയും റാഫേല്‍ റോമിയും കളത്തിലിറങ്ങി. മധ്യനിരയില്‍ ഇഷ്ഫഖ് അഹമ്മദിന് പകരമായി ഗോഡ്വിന് ഫ്രാങ്കോയും വന്നു. മുംബൈ സിറ്റി ഗോവ എഫ്സിക്കെതിരെ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കിന്റെ പിടിയിലായ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ആന്ദ്രെ മോറിറ്റ്സിന് പകരം പോര്‍ച്ചുഗല്‍ താരം തിയാഗോ റിബേറോയും നദോങ് ബൂട്ടിയക്ക് പകരമായി ലാല്‍റിന്‍ഡിക റാള്‍ട്ടെയും കളത്തിലെത്തി.
ഇരുടീമുകളും 5-3-2 ശൈലിയിലാണ് കളിക്കളത്തില്‍ അണിനിരന്നത്. അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഗോള്‍നേടാന്‍ അവസരം ലഭിച്ചെങ്കിലും പാഴായി. പിയേഴ്സണ്‍ എടുത്ത ഫ്രീകിക്ക് ലഭിച്ചത് പെന്‍ ഓര്‍ജിക്ക്. ഓര്‍ജി അളന്നുമുറിച്ച് നല്കിയ ക്രോസ് ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിന്ഗാന് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.
ഏഴാം മിനിറ്റില്‍ വീണ്ടും ഒരു സുന്ദരമായ അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. സബീത്തിന്റെ ക്രോസ് മിലാഗ്രസ് ഗൊണ്‍സാല്‍വസ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും മുംബൈ ഗോളി സുബ്രതാപാല്‍ ഉജ്ജ്വലമായി തട്ടിയിട്ടു. എന്നാല്‍ പന്ത് ലഭിച്ച പെന്‍ ഓര്‍ജിക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഓര്‍ജിയുടെ ഷോട്ട് എതിര് പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ മുംബൈ സിറ്റിക്ക് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ റാള്‍ട്ടെയുടെ ഷോട്ട് ക്രോസ് ബാറിന് പുറത്തേക്ക് പറന്നു.
പിന്നീട് ഏറെ നേരം കളി മധ്യനിരയില്‍ ഒതുങ്ങിയെങ്കിലും മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു. 30-ാം മിനിറ്റില്‍ ഗോഡ്വിന് ഫ്രാങ്കോ നല്കിയ സുന്ദരമായ ക്രോസ് കണക്ട് ചെയ്യാന്‍ സബീത്തിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ സബീത്ത് പന്തുമായി മുന്നേറി നല്കിയ ക്രോസും മുതലാക്കാന്‍ കഴിഞ്ഞില്ല.
രണ്ട് മിനിറ്റിനുശേഷം മുംബൈ സൂപ്പര്‍താരം അനല്‍ക്കയുടെ മനോഹരമായ നീക്കം കണ്ടു. പന്തുമായി മുന്നേറിയ അനല്‍ക്ക മൂന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഉശിരന്‍ ഡ്രിബ്ലിങ്ങളിലൂടെ മറികടന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരം കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി.
ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും സന്ദേശ് ജിന്‍ഗാന്റെ ഷോട്ട് മുംബൈ പ്രതിരോധനിരക്കാന്‍ രക്ഷപ്പെടുത്തയതോടെ ഒന്നാം ഘട്ടം ഗോള്‍രഹിതം.
രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ റാള്‍ട്ടെയും അനല്‍ക്കയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കീറിമുറിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പെന്‍ ഓര്‍ജിയും സ്റ്റീഫന്‍ പിയേഴ്സണും ചേര്‍ന്ന് നല്ലൊരു ആക്രമണം മുംബൈ ഗോള്‍മുഖത്തേക്ക് നയിച്ചെ. പക്ഷേ, പ്രതിരോധനിരതാരം പവേല്‍ സിമോക്സ് രക്ഷകനായി.
54-ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചെങ്കിലും ബോക്സിനുള്ളില്‍ നിന്ന് പെന്‍ ഓര്‍ജി പായിച്ച വലംകാലന്‍ ഷോട്ട് ക്രോസ് ബാറിന് മുകൡക്കൂടി പറന്നു. തൊട്ടുപിന്നാലെ മൂംബൈ ടീമില്‍ ആദ്യമാറ്റം വരുത്തി. ലാല്‍റിന്‍ഡിക റാള്‍ട്ടെക്ക് പകരം സുശീല്‍ സിംഗിനെ കളത്തിലിറക്കി. 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നായകന് പെന്‍ ഓര്‍ജിയെ തിരിച്ചുവിളിച്ച് ഇയാന്‍ ഹ്യൂമിനെ കളത്തിലിറക്കി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് കുറച്ചുകൂടി മൂര്‍ച്ച കൈവന്നു.
65-ാം മിനിറ്റില്‍ സബീത്തും ഇയാന്‍ ഹ്യൂമും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ സബീത്ത് പോസ്റ്റിന് മുന്നിലേക്ക് നല്കിയ ക്രോസിന് മിലാഗ്രസ് തലവെക്കാനായി ഉയര്‍ന്നുചാടിയെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല.
77-ാം മിനിറ്റില്‍ മുംബൈ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി. ഒരു കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ടിയാഗോ റിബേറോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റില്‍ത്തട്ടിത്തെറിച്ചു.
തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ മാനുവല്‍ ഫ്രെഡ്രിച്ച് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് പന്ത് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് സബീത്തിനെ പിന്‍വലിച്ച് ഇഷ്ഫഖ് അഹമ്മദിനെയും 81-ാം മിനിറ്റില്‍ മൂംബൈ സുഭാഷ് സിംഗിനെ പിന്‍വലിച്ച് നദോങ് ബൂട്ടിയയെയും കളത്തിലിറക്കി. ഇഞ്ചുറി സമയത്ത് പിയേഴ്സണ്‍ എടുത്ത ഫ്രീകിക്കിന് റാഫേല്‍ റോമി ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും സുബ്രതാപാല്‍ പറന്ന് കയ്യിലൊതുക്കിയതോടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു.
16ന് ദല്‍ഹി ഡൈനാമോസുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: