മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും തുറപ്പുചീട്ടും കളത്തിലെ ഏറ്റവും വലിയ എതിരാളിയുമായ ലയണല്‍ മെസിയെ അശ്ലീലച്ചുവയുള്ള ചെല്ലപ്പേരിട്ടു വിളിക്കാറുണ്ടെന്ന ആരോപണത്തെ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിഷേധിച്ചു.
മെസിയെക്കുറിച്ചുള്ള ഒരു പുസ്തകത്തിലാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ ആരോപണമുള്ളത്. വാക്കുകളാലും ചേഷ്ടകളാലും ക്രിസ്റ്റ്യാനോ അടിക്കടി മെസിയെ അവഹേളിക്കാറുണ്ടെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. ആരോപണം അടിസ്ഥാനരഹിതം. കളിക്കളത്തിലെ സഹപ്രവര്‍ത്തകരോടെല്ലാം ഏറ്റവും മാന്യമായാണ് പെരുമാറാറുള്ളത്. മെസിയോടും അങ്ങനെ തന്നെ, സിആര്‍7 പറഞ്ഞു. ആരോപണത്തിനു പിന്നിലുള്ളവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
സമകാലിക ഫുട്ബോളിലെ ഏറ്റവും തീവ്രവും നയനമനോഹരവുമായ കാഴ്ച്ചകളിലൊന്നാണ് മെസി- ക്രിസ്റ്റ്യാനോ മുഖാമുഖം. മൂന്നുതവണ ബാലണ്‍ ഡി ഓര് നേടി കുതിച്ച മെസിയെ കഴിഞ്ഞവട്ടം പുരസ്കാരം പിടിച്ചെടുത്ത് ക്രിസ്റ്റ്യാനോ തടഞ്ഞു നിര്‍ത്തിയിരുന്നു. ഗോളടിയിലും ട്രോഫികള്‍ കൈപ്പിടിയിലാക്കുന്നതിലും ഇഞ്ചോടിഞ്ച് മല്ലിടുന്ന ഈ രണ്ടു പ്രതിഭകളില്‍ ആരാണ് കേമന്‍ എന്നതിനെച്ചൊല്ലി കളി വിദഗ്ധര്‍ ഇതുവരെ തര്ക്കിച്ചുതീര്ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: