കൊല്‍ക്കത്ത: ഇന്ത്യ- ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് ഈഡന് ഗാര്‍ഡനില്‍. മറ്റൊരു ജയത്തോടെ എതിരാളിയെ വൈറ്റ്വാഷ് ചെയ്യുകയെന്ന ദൗത്യത്തില്‍ ഒരു ചുവടുകൂടി വയ്ക്കാന്‍ വിരാട് കോഹ്ലിയും സംഘവും തുനിഞ്ഞിറങ്ങുമ്പോള്‍ മാനംരക്ഷിക്കാനുള്ള പദ്ധതികള്‍ ലങ്കയുടെ മനസില്‍. ഉച്ചയ്ക്ക് 1.30ന് കളി ആരംഭിക്കും.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ലങ്കയെ ബഹുദൂരം പിന്തള്ളി പരമ്പര ഉറപ്പിച്ച ടീം ഇന്ത്യയ്ക്കിത് പരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയാണ്. ശിഖര്‍ ധവാനെയും രവീന്ദ്ര ജഡേജയെയും മാറ്റി രോഹിത് ശര്‍മ്മയ്ക്കും റോബിന് ഉത്തപ്പയ്ക്കും വാതില്‍ തുറന്ന ഇന്ത്യ അതു വ്യക്തമാക്കിക്കഴിഞ്ഞു.
രോഹിതിനും ഉത്തപ്പയ്ക്കും ഓപ്പണര്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാന്‍ പാകത്തിലെ പ്രകടനം അനിവാര്യം. ഇരുവരുടെയും വരവ് ബാറ്റിംഗ് ലൈനപ്പില്‍ എന്തു മാറ്റങ്ങള്‍ വരുത്തുമെന്ന് ഏവരും ഉറ്റുനോക്കുന്നു. ലങ്കന്‍ സംഘത്തിലും ചില ഭേദഗതികളുണ്ട്.സ്പിന്നര്‍ അജന്താ മെന്‍ഡിസും ബാറ്റ്സ്മാന്മാരായ ലാഹിരു തിരിമന്നെയും ദിനേശ് ചന്ദിമലും തിരിച്ചുവിളിക്കപ്പെട്ടു.
എങ്കിലും പരമ്പരയുടെ തിരക്കഥയില്‍ വ്യതിയാനം വരുത്തണമെങ്കില്‍ പോരാട്ടവീര്യത്തിലും പ്രകടനപരതയിലും ലങ്ക മെച്ചപ്പെട്ടേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: