ആലപ്പുഴ: ചിത്തിരക്കായലില്‍ നെല്ലിനൊപ്പം 100 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തുമെന്ന് കളക്ടര്‍ എന്‍. പത്മകുമാര്‍. കൃഷിയൊരുക്കം വിലയിരുത്താന്‍ ചിത്തിരക്കായല് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കായലിലെ ചുറ്റുബണ്ടിനു സമീപപ്രദേശങ്ങളിലെ ചിറകളിലും ഈ വര്‍ഷം നെല്‍കൃഷി ചെയ്യാത്ത പ്രദേശത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കാന്‍ കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, ആത്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ പദ്ധതി തയാറാക്കി സമര്‍പ്പിച്ചു. കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്ന കുട്ടനാട് ഫാമിങ് ക്ലബ് എന്ന സ്വയംസഹായസംഘം കൃഷി ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കലവൂര്‍, കാവാലം, നീണ്ടൂര്‍ നെല്ല്-പച്ചക്കറി കൃഷിയില്‍ സജീവമാണ് ക്ലബ്. ക്ലബിന്റെ ഭാരവാഹികള്‍ കായല്‍ സന്ദര്‍ശിച്ചു. പയര്‍, പാവല്‍, പടവലം, വെള്ളരി, കപ്പ തുടങ്ങിയ വിളകള്‍ കൃഷിചെയ്യാനാവുമെന്നാണ് വിലയിരുത്തല്‍. കായലിന്റെ എല്ലാഭാഗവും കൃഷിക്ക് ഉപയുക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനായി ചിത്തിരക്കായലിന്റെ കിഴക്കുഭാഗത്തെ പുറംബണ്ടിനു സമീപം 100 ഏക്കറില്‍ പൈല് ആന്‍ഡ് നെറ്റ് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള പദ്ധതിയുടെ സാധ്യതയും ആരായുന്നുണ്ട്. ഇവിടെ വളര്‍ത്തുന്ന മത്സ്യത്തെ വേമ്പനാട്ടുകായലിലേക്ക് തുറന്നുവിടാനാണ് പദ്ധതിയെന്നും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: