അഗളി: ഒന്നേകാല്‍ ഇടവേളക്ക് ശേഷം ആദിവാസികളെ കബളിപ്പിക്കാന്‍ മൂന്ന് സംസ്ഥാന മന്ത്രിമാര്‍ വീണ്ടും അട്ടപ്പാടിയിലെത്തി. 2013 പകുതിയോടെ അട്ടപ്പാടിവികസനത്തിനും ആദിവാസിക്ഷേമത്തിനും വമ്പന്‍ പ്രഖ്യാപനം നടത്തി മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധികളായാണ് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍, പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍, പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവര്‍ അട്ടപ്പാടി സന്ദര്‍ശിച്ചത്.
ധനകാര്യമന്ത്രിയോ ധനകാര്യ ഉന്നത ഉദ്യോഗസ്ഥരോ ഐടിഡിപി വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ സി ജോസഫോ പങ്കെടുക്കാതെ അട്ടപ്പാടിയില്‍ അവലോകനം നടത്തിയതുകൊണ്ട് പ്രയോജനമില്ല.
ഐടിഡിപി പ്രോജക്ട് ഓഫീസര്‍പോലും യോഗത്തില്‍ പങ്കെടുക്കുന്നില്ല. അട്ടപ്പാടിയില്‍ പട്ടികവര്‍ഗക്ഷേമത്തിനായി നീക്കിവച്ച ഫണ്ടില്‍ 30ശതമാനംപോലും ചെലവഴിച്ചിട്ടില്ല. അഗളി പഞ്ചായത്തില്‍ 7.7 ശതമാനവും ഷോളയൂര്‍ പഞ്ചായത്തില്‍ ഒമ്പതുശതമാനവും പുതൂരില്‍ 9.63 ശതമാനവുമാണ് ഇതുവരെ ചെലവഴിച്ചത്. അട്ടപ്പാടിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല, കേന്ദ്രം അനുവദിച്ച ഫണ്ട്പോലുംട്രഷറി നിയന്ത്രണത്തിന്റെ പേരില്‍ നല്‍കിയില്ല. ആരോഗ്യമേഖലയിലേക്ക് അനുവദിച്ച 10കോടിയില്‍ 4.25 കോടിയാണ് നല്‍കിയത്.
അതേസമയം അട്ടപ്പാടിയിലെ പ്രശ്നങ്ങളും പോരായ്മകളും പദ്ധതികളും വിലയിരുത്താന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും ഭാഗികമായി നിലച്ച സമൂഹ അടുക്കള പദ്ധതി ഡിസംബര്‍ അഞ്ചോടെ പൂര്‍ണ്ണ സജ്ജമാക്കാനും അഗളി സി.എച്ച്.സി. ഹാളില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി. അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും ജാതക് ജനനി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
സാമൂഹിക അടുക്കളയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കും. അംഗന്‍വാടികള്‍ നിര്‍മ്മിക്കാനായി പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. പ്രത്യേക സെല്‍ രൂപീകരണം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഐ.സി.ഡി.എസിന് പുതിയതായി രണ്ട് വാഹനങ്ങള്‍ അനുവദിക്കും. അട്ടപ്പാടി പദ്ധതികള്‍ക്കായി പട്ടികവര്‍ഗ ഫണ്ടുകള്‍ക്ക് ട്രഷറി നിരോധനമുണ്ടാവില്ലെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. ഡോ.ആര്.പ്രഭുദാസിന് അട്ടപ്പാടിയുടെ മാത്രം ചുമതല നല്കുന്ന കാര്യം പരിഗണിക്കും. അട്ടപ്പാടി പദ്ധതിയുടെ കോഡിനേഷന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ നിയമിക്കും. സൗജന്യറേഷന്, മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, കോഡിനേഷന്‍ കമ്മിറ്റി എന്നിവ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്‍ഡോസള്‍ഫാന്‍ മൂലമാണ് ശിശുമരണം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഡോക്ടര്‍മാരുടെ സംഘം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: