കിടങ്ങൂര്‍: പാശ്ചാത്യ സംസ്കാരം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ടെന്നും അത് നായര്‍ സമുദായാംഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പറഞ്ഞു. പിറയാര്‍ വടക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ ശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നടന്ന ചുംബന സമരം എന്ന ആഭാസവും അതിന്റെ മറവില്‍ പലയിടത്തും ആലിംഗനസമരങ്ങളും നടത്താനുള്ള നീക്കത്തില്‍ നിന്നും അതിനു തുനിഞ്ഞിറങ്ങുന്നവര്‍ പിന്മാറണം. ഈശ്വരോന്മുഖമായ ജീവിതമാണ് നമുക്ക് മനസ്സമാധാനവും ശാന്തിയും നല്‍കുന്നത്. അത്തരത്തിലുള്ള ജീവിതത്തിലേക്ക് നമ്മുടെ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. അസാന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കള്‍ വഴുതിപ്പോകാതിരിക്കാന്‍ കുടുംബങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുകയില്ലെന്ന് ഓരോ കുടുംബാംഗമങ്ങളും പ്രതിജ്ഞ എടുക്കണം. അതനുസരിച്ച് നല്ല ജീവിതം കാഴ്ചവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരയോഗം പ്രസിഡന്റ് പി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ, താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് ഷാജികുമാര്‍, ചന്ദ്രശേഖരന് നായര്‍, ഹരിദാസ്, രാജു, വനിതാസമാജം പ്രസിഡന്റ് ഗീതാസുരേഷ്, എ.കെ. സരസ്വതിയമ്മ, രഘുനാഥന് നായര്‍, അഡ്വ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പിന്നല് തിരുവാതിരയുടെ പുനരാവിഷ്കരണത്തിന് നേതൃത്വം നല്കിയ ജ്യോതി ബാലകൃഷ്ണന്, ഹൈദരാബാദ് ഒക്കിനാവ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമിയില്‍ നിന്നും കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ഭാഗ്യ എം. നായര്‍, മിസ് കേരള 2014 മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയ ദേവിക ആര്. നായര്‍ എന്നിവരെ അനുമോദിച്ചു. മുതിര്‍ന്ന കരയോഗാംഗങ്ങളെയും മുന്‍ കരയോഗം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിച്ചു.
രാവിലെ കിടങ്ങൂര്‍ ഹൈവേ ജങ്ഷനിലുള്ള മന്നം പ്രതിമയില്‍ സമൂഹ പുഷ്പാര്‍ച്ചന നടത്തിയശേഷം വര്‍ണശബളമായ ഘോഷയാത്രയോടെയാണ് സമ്മേളനപരിപാടികള്‍ ആരംഭിച്ചത്. എന്‍എസ്എസ് ശതാബ്ദി പൂര്‍ത്തിയാക്കിയതിന്റെ സ്മരണാര്‍ത്ഥം 100 വനിതകള്‍ അവതരിപ്പിച്ച തിരുവാതിരകളിയും നടന്നു. തുടര്‍ന്ന് വിവിധ കലാ കായിക മത്സരങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: