കോട്ടയം: ചാവറ അച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങള്‍ മാന്നാനത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപന ആഘോഷങ്ങളോടനുബന്ധിച്ച് 14 മുതല്‍ 22 വരെ കുര്‍ബാനയും നൊവേനയും പ്രത്യേകമായി നടക്കും. 22ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വൈകിട്ട് 4.30ന് തിരുശേഷിപ്പ് വഹിച്ചുള്ള ജപമാല റാലി ചാവറയച്ചന്റെ കബറിടത്തില്‍ നിന്ന് ആരംഭിച്ച് മറ്റപ്പള്ളി, സൂര്യാക്കവല, മാന്നാനം ജങ്ഷന് വഴി കബറിടത്തില്‍ സമാപിക്കും.
23ന് രാവിലെ 10.30ന് കുടമാളൂര്‍, അതിരമ്പുഴ, കൈപ്പുഴ ഫൊറോനകളിലെ വൈദികരും മിഷന്‍ലീഗ് അംഗങ്ങളും ചേര്‍ന്നുള്ള കുര്‍ബാനയും പ്രാര്‍ത്ഥനയും നടക്കും. ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മോര് സെവേറിയോസ് വലിയ മെത്രാപ്പോലീത്ത സന്ദേശം നല്‍കും. 4.30ന് 100 വൈദികരുടെ ആഘോഷമായ കൃതജ്ഞതാബലി നടക്കും. തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത വചനസന്ദേശം നല്‍കും.
വൈകിട്ട് 6ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. ചാവറ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംപിമാരായ ജോസ് കെ. മാണി, കൊടിക്കുന്നല്‍ സുരേഷ്, ആന്റോ ആന്റണി, ജോയി എബ്രാഹം, ജോയിസ് ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. സുരേഷ്കുറുപ്പ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ ഫാ. സിറിയക് മഠത്തില്‍, ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴിക്കാടന്, കെ.ജെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: