കോട്ടയം: നഗരസഭയുടെ പുതിയ മാലിന്യസംസ്കരണരീതി നഗരത്തില്‍ എത്തുന്ന ജനങ്ങളെ ദുരിതത്തിലാക്കുന്നു മാലിന്യസംസ്കരണത്തെക്കുറിച്ച് സര്‍ക്കാര്‍ ഏറെ പ്രചാരണങ്ങള്‍ നടത്തുമ്പോഴാണ് കോട്ടയം നഗരസഭയുടെ വിചിത്രമായ സംസ്കരണരീതി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്- ജൈവ മാലിന്യങ്ങള്‍ അതാതു സ്ഥലങ്ങളില്‍തന്നെ കൂട്ടിയിട്ട് തീയിടുന്നതാണ് പുതിയ സംസ്കരണരീതി. നാഗമ്പടത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ കിഴക്കുഭാഗത്തായി അടിച്ചുകൂട്ടി അവിടെത്തന്നെ തീയിടുന്നത് പതിവാണ്. ഇതിന്റെ പത്തുമീറ്റര്‍ ദൂരത്തിലാണ് ജില്ലാ ഹോമിയോ ആശുപത്രിയും ആയിരങ്ങള്‍ എത്തിച്ചേരുന്ന റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരമണിക്കൂര്‍ ഇടവിട്ട് ‘മാലിന്യങ്ങള്‍ തീയിട്ട് നശിപ്പിക്കരുത്, അതില്‍ നിന്നുണ്ടാകുന്ന പുക കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും, സുന്ദരകേരളത്തിനായി നമുക്കൊന്നിക്കാം’ എന്ന് മന്ത്രി എം.കെ. മുനീറിന്റെ ആഹ്വാനം ഈ മാലിന്യ കൂമ്പാരത്തിന് സമീപത്തുനിന്നാലും കേള്‍ക്കാം. വടവാതൂരിലെ മാലിന്യസംസ്കരണം സ്തംഭിച്ചതോടെ തികച്ചും നിരുത്തരവാദപരമായ രീതിയാണ് ഇക്കാര്യത്തില്‍ നഗരസഭയ്ക്ക്. കഴിഞ്ഞ ദിവസം നഗരമദ്ധ്യത്തിലെ സ്പൈകോയുടെ ഷോറൂമിലെ മാലിന്യത്തിന് തീയിട്ടത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: