ആലപ്പുഴ: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം 12, 13 തീയതികളില്‍ ആലപ്പുഴ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. ലിയോ തെര്ട്ടീന്ത് എച്ച്എസ്എസില്‍ നടക്കുന്ന സാമൂഹ്യശാസ്ത്രമേളയില് പതിനെട്ട് ഇനങ്ങളില്‍ 638 കുട്ടികള്‍ പങ്കെടുക്കും. ടിഡിഎച്ച്എസ്എസിലാണ് പ്രവര്‍ത്തിപരിചയ തത്സമയ നിര്‍മ്മാണ മത്സരവും പ്രദര്‍ശനവും നടക്കുക. 120 ഇനങ്ങളിലായി 1,800 കുട്ടികള്‍ പങ്കെടുക്കും. ഐടി മേള ഗവ. മുഹമ്മദന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. 14 ഇനങ്ങളില്‍ 308 കുട്ടികള്‍ പങ്കെടുക്കും.
ഗണിതശാസ്ത്രമേളയും ഇവിടെയാണ് നടക്കുക. വെബ്സൈറ്റ്, പേജ് നിര്‍മ്മാണം, ഡിജിറ്റല്‍ പെയിന്റിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്, ഐടി പ്രോജക്ട്, ഐടി ക്വിസ് ഇനങ്ങളില്‍ രണ്ടുദിവസത്തെ മത്സരങ്ങള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ it schoolalp.blogs pot.in എന്ന വെബ്സൈറ്റില്‍ അറിയാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
12ന് രാവിലെ 10ന് ലിയോ തെര്ട്ടീന്ത് എച്ച്എസ്എസില്‍ ശാസ്ത്രോത്സവം ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ മേഴ്സി ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. 13ന് വൈകിട്ട് നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി സമ്മാനദാനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ജനാര്‍ദന ബാബു, ജോയി ആന്റണി, പി. സുരേഷ്ബാബു, ആര്. മനു, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: