അമ്പലപ്പുഴ: സ്കൂള്‍ മുത്തശിയുടെ നൂറാം വയസ് ആഘോഷിക്കുവാന്‍ നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും കൈകോര്‍ക്കുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമുള്ള കരുമാടി ഗവ. ഹൈസ്കൂളാണ് ശതാബ്ദി ആഘോഷിക്കുന്നത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഈമാസം തുടക്കമിടും. 1915ല്‍ പ്രൈമറി സ്കൂളായി ആരംഭിച്ച സ്കൂള്‍ 1968ല്‍ യുപിയായും 80ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയായിരുന്നു. അമ്പലപ്പുഴ, കരുമാടി, തകഴി ഭാഗങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടിക്കൊടുക്കാന്‍ സ്കൂളിനായി. മൂന്നുവര്‍ഷം തുടര്‍ച്ചയായി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിക്കൊടുത്ത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂള്‍ എന്ന അര്‍ഹതയും നേടി. ഇതുകൂടാതെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുവാനും കഴിഞ്ഞു.
2011ല്‍ പിടിഎയുടെ അംഗീകാരത്തോടെ പ്രീ-പ്രൈമറി വിദ്യാലയവും ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്തത് അധികൃതരെ നിരാശയിലാക്കിയിട്ടുണ്ട്. ഈവര്‍ഷം നടന്ന ഇംഗ്ലീഷ് റോള്പ്ലേയ്ക്ക് ജില്ലയില്‍ ഒന്നാംസ്ഥാനവും തുടര്‍ച്ചയായി നാലുവര്‍ഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചാംപ്യന്‍ പട്ടവും സ്കൂള്‍ സ്വന്തമാക്കി. ഇത്രയേറെ മികവു പുലര്‍ത്തി ശ്രദ്ധേയമായ സ്കൂളിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. അഞ്ഞൂറ്റിപത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. എസ്എസ്എ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ മാത്രമാണ് സ്കൂളിന് സര്‍ക്കാര്‍ സഹായകമായി ലഭിച്ചിട്ടുള്ളത്. കലാപരമായും കായികപരമായും വിദ്യാര്‍ത്ഥികളെ ഉയര്‍ത്താന്‍ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. രണ്ടേക്കര്‍ എട്ടര സെന്റ് സ്ഥലമുള്ള സ്കൂളിന് വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കുവാന്‍ മൈതാനം നിര്‍മ്മിച്ച് നല്കുവാനും സര്‍ക്കാര്‍ തയാറായിട്ടില്ല.
നിരന്തരം സാമൂഹ്യവിരുദ്ധശല്യമുള്ള സ്കൂള്‍ പരിസരം മതില് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും ഇതേവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ജൈവവേലി എങ്കിലും നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നിരവധി സംഘടനകള്‍ ശുദ്ധജലമില്ലാത്ത സ്കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കിയെങ്കിലും ഇവരും കരുമാടി സ്കൂളിനെ അവഗണിച്ചു. ഇത്രയേറെ അവഗണിക്കപ്പെട്ടെങ്കിലും സ്കൂളിന്റെ 100-ാം വാര്‍ഷികം വളരെ വിപുലമായി തന്നെ ആഘോഷിക്കുവാനാണ് അദ്ധ്യാപകരും നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും തീരുമാനിച്ചിരിക്കുന്നത്. പ്രധാനാദ്ധ്യാപകന് വത്സന് കക്കണ്ടി, സ്റ്റാഫ് സെക്രട്ടറി ജയദീപ്, അദ്ധ്യാപകന് എസ്. സജി എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ വിപുലമാക്കാന്‍ തയാറെടുപ്പ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: