കൊട്ടാരക്കര: ഔഷധസസ്യങ്ങള്‍ നടുന്നതിലും അവയെ പരിപാലിക്കുന്നതിലും ആനന്ദം കണ്ടെത്തുകയാണ് കലയപുരം നടുക്കുന്നില്‍ വീട്ടില്‍ രാമചന്ദ്രന്‍പിള്ള. ഒന്നരപതിറ്റാണ്ടായി തുടരുന്ന ഈ സപര്യ ഇപ്പോഴും മുടക്കമില്ലാതെ തുടരുമ്പോള്‍ ഭാര്യയും മക്കളും സഹായത്തിനായി ഒപ്പമുണ്ട്. സാമ്പത്തികമായി ലാഭം ലഭിക്കുന്നിെല്ലങ്കിലും ഔഷധസസ്യങ്ങളെ ജീവന് തുല്യം സ്നേഹിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നതില്‍ സാമൂഹ്യമായ ഒരു സന്ദേശവും നന്മയും നല്കാന് കഴിയുന്നതില്‍ സംതൃപ്തനാണ് ഇദ്ദേഹം.
ഔഷധ സസ്യങ്ങള്‍ക്കിടയില്‍ വംശനാശ ഭീഷണി നേരിടുന്ന ആരോഗ്യപച്ച, കാട്ടുചേന, ബിരിയാണി കൈത തുടങ്ങി അപൂര്‍വ്വങ്ങളായി കാണപ്പെടുന്ന പാല്ക്കായം, ടെലിഗ്രാഫ്ചെടി, രാമനാമപച്ച, ദശമൂലം എന്നറിയപ്പെടുന്ന കുമ്പിള്, മുഞ്ഞ, പാതിരി, കൂവളം, പലകപയ്യാനി, ചെറുവഴുതനം, വെണ്വഴുതനം, ഒരില, മൂവില, ഞെരിഞ്ഞില്‍ എന്നു വേണ്ട എല്ലാം ഔഷധസസ്യങ്ങളും ഒരു കുടകീഴില്‍ എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയും ഔഷധ ഗുണമുള്ള ഞവര നെല്‍കൃഷിയും വിദേശങ്ങളില്‍ മാത്രം വളരാറുള്ള പിസ്ത, കേരളത്തില്‍ തന്നെ വിരളമായി കാണപ്പെടുന്ന കൃഷ്ണനാല്‍, ജന്മനക്ഷത്ര വൃക്ഷങ്ങള്‍, വിവിധ ഇനത്തില്‍പ്പെട്ട ഫലവൃക്ഷങ്ങള്‍, മുന്തിരിപൈന്, പൂമരുത്,കാട്ട്തൃപ്പലി, കടമ്പ്, മരവുരി, കരിങ്ങാലി, കരിമരം, താന്നി,പുത്തരിചുണ്ട, സര്‍വ്വസുഗന്ധി, സ്റ്റീവിയ, ഉമ്മംനീല, കരിഞ്ഞൊട്ട, കൊടുവലി, മേന്തോന്നി, അമല്‍പ്പൊരി തുടങ്ങി 400ല്‍പരം ഔഷധ സസ്യങ്ങളെ വീട്ടുവളപ്പിലെ കൃഷിയിടത്തില്‍ അദ്ദേഹം പരിപാലിക്കുന്നു.
ആയുര്വേദകോളേജുകളിലേയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തി പഠനം നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ഇപ്പോഴും ഇദ്ദേഹം അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നു.വൈദ്യവൃത്തി നടത്തിയിരുന്ന അച്ഛനെ സഹായിക്കുവാനാണ് ആദ്യകാലങ്ങളില്‍ ഔഷധ സസ്യങ്ങളെ പരിപാലിച്ച് തുടങ്ങിയത.് ഇപ്പോള്‍ ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അമ്മ ചെല്ലമ്മയുംഭാര്യ ജ്യോതികുമാരിയും മകള്‍ രശ്മിയും മരുമകന് വിമലും അടങ്ങിയ കുടുംബം കൃഷിക്കാവശ്യമായ എല്ലാവിധ പിന്തുണയും നല്കുന്നു. സ്വന്തമായി ഒരു സൗണ്ട് സിസ്റ്റവും,ഇലക്ട്രോണിക്സ് റിപ്പയര്‍ കടയുമാണ് രാമചന്ദ്രന്‍പിള്ളക്ക് ഉള്ളത് ഇതാണ് ഉപജീവനമാര്‍ഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: