കൊല്ലം: നാലുവര്‍ഷത്തെ ഭരണത്തിന് ശേഷം പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം രാജി വയ്ക്കുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷവശങ്ങളാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്. മേയറെന്ന നിലയില്‍ മുന്ഗാമികളില് നിന്നും വ്യത്യസ്തമായി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു മൂന്നര വര്‍ഷത്തെ ഭരണമെങ്കിലും ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിന്റെ ആഘാതം അപ്രതീക്ഷിതമായിരുന്നു. ഇത് തന്നെയാണ് മുന്‍തീരുമാനത്തിന് വിരുദ്ധമായി സിപിഐയുമായി മേയര്‍ സ്ഥാനം പങ്കിടുന്നതിലേക്ക് സിപിഎമ്മിനെ നയിച്ചതും.
കൊല്ലത്തെ ഗതാഗതസംവിധാനം താറുമാറാക്കിയ മറ്റൊരു മേയര്‍ ഇല്ലെന്ന് തന്നെ പറയാനാകും. മുന്‍ മേയറായ എന്‍.പത്മലോചനന് അടിപ്പാതയ്ക്കായി മുനിസിപ്പല്‍ ബസ് സ്റ്റാന്റിന്റെ അകാലചരമം കുറിച്ചെങ്കിലും ജനങ്ങള്‍ ഏറ്റവും വലഞ്ഞത് അടിപ്പാത നിര്‍മിക്കാനായി ചിന്നക്കട മേല്‍പ്പാലം പൊളിച്ചതോടെയാണ്. വ്യക്തമായ കാഴ്ചപ്പാടില്ലാതെയും രണ്ട് മാസത്തിനകം പണി തീരുമെന്ന കപടവാഗ്ദാനം നല്‍കിയുമാണ് പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിലുള്ള കോര്പ്പറേഷന് ഭരണകൂടം മേല്‍പ്പാലം പൊളിച്ച് നഗരഗതാഗതം താറുമാറാക്കിയത്. ഇതിനിടെ ഇരുമ്പുപാലത്തിന്റെ സ്ഥിതി ദയനീയമായി തുടരുകയും ഇരുചക്ര-മുച്ചക്ര-നാല്ചക്ര വാഹനങ്ങളെന്ന ഭേദമില്ലാതെ എല്ലാ വാഹനയാത്രികര്‍ക്കും ഇരുട്ടടി നല്‍കുകയും ചെയ്തു. ഓട്ടോയില്‍ പോലും സഞ്ചരിക്കാനാകാത്ത വിധം റോഡുകളുടെ സ്ഥിതി ദയനീയമായി. കുണ്ടുംകുഴിയും നിറഞ്ഞ റോഡ് അപകടങ്ങളുടെ മൊത്തം കേന്ദ്രമായി.
മറ്റൊരു പ്രധാനവിഷയം മാലിന്യസംസ്കരണമാണ്. കുരീപ്പുഴയിലെ ജനങ്ങള്‍ ജീവിക്കാനായി സമരം ശക്തമാക്കിയപ്പോള്‍ പിന്മാറിയ കോര്പ്പറേഷന് പിന്നീട് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിമുഖത കാട്ടി. നാടുനീളെ മാലിന്യം നിറയുകയും ഇതിന്റൈ പേരില്‍ കോടതിയില്‍ നിന്നുവരെ വിമര്‍ശനം നേരിടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കായി മാലിന്യനീക്കം ഭാഗികമായി പുനസ്ഥാപിച്ചു. എന്നാല്‍ എവിടെ സംസ്കരിക്കുമെന്നത് കീറാമുട്ടിയായി. ഇതിന് പരിഹാരം കണ്ടെത്തിയത് സ്റ്റേഡിയത്തിന് സമീപം കുഴി കുത്തികൊണ്ടായിരുന്നു. മേയര്‍ ചെയ്ത ഈ പ്രവര്‍ത്തി കാരണം സ്റ്റേഡിയവും പരിസരവും തെരുവുനായ്ക്കളുടെ പിടിയിലമര്‍ന്നു.
കുരീപ്പുഴയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മാലിന്യം ഇപ്പോള്‍ കോളജും സ്റ്റേഡിയവും കളിക്കളങ്ങളും റെയില്‍വേ ക്വാര്‍ട്ടേഴ്സുമെല്ലാം അടുത്തടുത്തായുള്ള സ്റ്റേഡിയ പരിസരത്തുണ്ട്. അതിനിടെ സിപിഎം നേതൃത്വത്തിലുള്ള മുന്നണഇ ഭരിക്കുന്ന 20 വര്‍ഷമായി നഗരവികസനം മുരടിച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു തെന്മല ഡാമില്‍ നിന്നു വെള്ളം കൊണ്ടുവന്നു വസൂരിച്ചറിയില് സംസ്കരിക്കാന്‍ മുന്‍ കൗണ്‍സിലിന്റെ കാലത്തു പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാല്‍ നടപ്പാക്കുന്നതില്‍ കുറ്റകരമായ അലംഭാവം കാട്ടി. ശാസ്താംകോട്ടയില്‍ നിന്നു ജലം കൊണ്ടുവരുന്നതിനു സുസ്ഥിര നഗരവികസന പദ്ധതി പ്രകാരം 11 കോടി രൂപ മുടക്കിയെങ്കിലും ഫലം ലഭിച്ചില്ല.
കൊട്ടിയത്തു നിന്നു പള്ളിമുക്ക് മേഖലയില്‍ ജപ്പാന് പദ്ധതിയില്‍ നിന്നു ജലം ലഭ്യമാക്കിയപ്പോഴാണ് അല്പമെങ്കിലും ആശ്വാസമായത്. 2.75 കോടിയുടെ ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണ്. മാലിന്യസംസ്കരണത്തിനു 40 ടണ്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഒരു കിലോ പോലും സംസ്കരിക്കാന്‍ കഴിഞ്ഞില്ല. എന്‍.പത്മലോചനന് മേയറായിരുന്നപ്പോള്‍ 1.12 കോടി രൂപ ചെലവഴിച്ചു വാങ്ങിയ 57 ഓട്ടോറിക്ഷകള്‍ പ്രസന്ന ഏണസ്റ്റിന്റെ കാലത്തു തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. ഉറവിടത്തില്‍ മാലിന്യസംസ്കരണം ലക്ഷ്യമിട്ട് എട്ടു ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ഖരമാലിന്യസംസ്കരണത്തിനു സ്വീവേജ് പദ്ധതിക്ക് ടെന്‍ഡര്‍ ചെയ്ത മൂന്നു പ്രവൃത്തികളില്‍ രണ്ടെണ്ണം തുടങ്ങിവച്ചെന്നാക്കി. ക്ലീന്‍ സിറ്റി സ്വപ്നം കണ്ട മേയര്‍ക്കു മാലിന്യനിര്‍മാര്‍ജനത്തില്‍ ഒന്നും ചെയ്യാനായില്ല എന്നതാണ് വാസ്തവം.
പ്രോപ്പര്‍ട്ടി ടാക്സ് ഇനത്തില്‍ 2011-12ല്‍ 10.84 കോടി കോടി രൂപയായിരുന്നത് അടുത്ത വര്‍ഷം 94 ലക്ഷം രൂപ മാത്രമാണ് കൂട്ടാന്‍ കഴിഞ്ഞത്. അതേ സമയം ഇക്കാലത്ത് റെന്റല്‍ വരുമാനം 1.99 കോടിയില്‍ നിന്ന് 56 ലക്ഷം കുറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍ പരാജയമാണുണ്ടായത്. കഴിഞ്ഞ കൗണ്‍സില്‍ 500 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കു ലക്ഷങ്ങള്‍ മുടക്കി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇവയൊന്നും പ്രാവര്‍ത്തികമായില്ല. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാതെയും അനുവാദം ഇല്ലാതെയും ജന്റം പദ്ധതിക്ക് 3,750 കോടി രൂപയുടെ പ്രോജക്ട് കൊടുത്തതായി മേയര്‍ അവകാശപ്പെടുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല. ചേരി പരിഷ്കരണത്തിനു ലക്ഷങ്ങള്‍ മുടക്കി പദ്ധതി സമര്‍പ്പിച്ചെങ്കിലും ഒന്നും നടന്നില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, പദ്ധതി വിഹിതം വിനിയോഗിക്കല്‍, കുടുംബശ്രീ പ്രവര്‍ത്തനം തുടങ്ങി എല്ലാ മേഖലകളിലും പ്രസന്ന ഏണസ്റ്റ് പരാജയമാണ്. ഡിവിഷനുകള്‍ക്കു ഫണ്ട് അനുവദിച്ചതില്‍ പക്ഷപാതം കാണിച്ചതായും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: