പാലക്കാട്: ജില്ലയില്‍ 29 പേര് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെന്ന് മെഡിക്കല്‍ പഠന റിപ്പോര്‍ട്ട്. തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഡിഎംഒയ്ക്ക് സമര്‍പ്പിച്ച മുതലമട കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്രസംഘത്തിന്റെ പഠനത്തിന് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.എന്നാല്‍ ഇത് അപൂര്‍ണമായ കണക്കാണെന്നും 2005-6 ല്‍ തന്നെ 174 പേര്‍ക്ക് വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പരിസ്ഥിതി സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂരിലെ മെഡിക്കല്‍ സംഘം മുതലമടയില്‍ നടത്തിയ പഠനത്തിലാണ് ജില്ലയില്‍ 29 പേര് എന്‍ഡോസള്‍ഫാന്‍ രോഗബാധിതരാണെന്ന് ആദ്യ കണ്ടെത്തല്‍. അട്ടപ്പാടിയിലെ ശിശുമരണത്തിനു പിന്നിലും ജനിതക വൈകല്യങ്ങളാണെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്ഊരുകളിലും പഠനം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയിലെ ഊരുകളില്‍ നിലവിലുള്ള 500 ഓളം ഗര്‍ഭിണികളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
മുതലമടക്ക് സമാനമായ രീതിയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച പുതൂര്‍, ഷോളയാര്‍ പഞ്ചായത്തുകളിലാണ് നവജാത ശിശുക്കള്‍ മരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ആദിവാസികളാണെന്നിരിക്കേ, രാസ കീടനാശിനികളുടെ ഉപയോഗം തടയാന്‍ പ്രത്യേത സ്ക്വാഡിനെയും നിയമിക്കും. അതേസമയം അട്ടപ്പാടിയിലെ ശിശുമരണം എന്‍ഡോസള്‍ഫാനാണെന്ന് പ്രചരിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ആദിവാസി സംരക്ഷണത്തിലെ വീഴ്ചയെ മറച്ചുവെക്കാനാണ് ശ്രമമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
2005 ല്‍ നടത്തിയ സര്‍വ്വേ പ്രകാരം എന്‍ഡോസള്‍ഫാനും രാസകീടനാശിനിയും മൂലം മുതലമടഗ്രാമപഞ്ചായത്തില് അസുഖം ബാധിച്ചവരുടെ എണ്ണം നിരവധിയാണ്. അംബേദ്ക്കര്‍ കോളനി, കാടാംകുറിശ്ശി, പെരിന്ചിറ, പത്തിച്ചിറ, പോത്തന്‍പാടം, അടവുമരം, പുതുച്ചിറ കോളനി, മേച്ചിറ, ചുള്ളിയാര്‍ ഡാം എന്നിവിടങ്ങളില്‍ 550 കുടുംബങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം 174 കുടുംബങ്ങള്‍ മാരകരോഗങ്ങളുടെ പിടിയിലാണ്.
അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 19 പേര്‍ക്ക് അര്‍ബുദം, 9 പേര്‍ക്ക് മാനസിക പ്രശ്നം, 31 പേര്‍ക്ക് ശ്വാസകോശസംബന്ധമായ അസുഖം, ത്വക്ക് രോഗം, ശാരീരികക്ഷമത ഇല്ലാത്തവര്‍, ഗര്‍ഭാശയ അസുഖങ്ങളും അബോര്‍ഷനും സംഭവിച്ചവര്‍, വാതരോഗം, വൃക്കരോഗികള്‍, നടുവേദന, രക്തസമ്മര്‍ദ്ദം തുടങ്ങി തിരിച്ചറിഞ്ഞിട്ടില്ലാത്ത 40 പേര് ഉള്‍പ്പെടെ 174 പേര്‍ക്ക് വിവിധ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: