കുമാരനല്ലൂര്‍: ഹൈന്ദവ ആരാധനാലയങ്ങള്‍ മാത്രം കത്തിനശിക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധരെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഭക്തര്‍ നടത്തിയ അഖണ്ഡ നാമജപയജ്ഞത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ക്ഷേത്രങ്ങള്‍ കത്തുമ്പോഴും ഹൈന്ദവന്റെ മനസ്സില്‍ തീയാണ്. ഇതണയ്ക്കാന്‍ കാരണം കണ്ടുപിടിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ ഹൈന്ദവര്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. കേരളത്തില്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ കത്തിനശിക്കുന്നത് എന്തുകൊണ്ടെന്ന് അറിഞ്ഞേ മതിയാകൂ. പഴയന്നൂര്‍ ദേവീക്ഷേത്രം, ആറന്മുള ക്ഷേത്രത്തിന്റെ വിളക്കുമാടം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, അടൂര്‍ ഹിരണ്യനല്ലൂര്‍ ക്ഷേത്രം ഒടുവില്‍ കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ ശിവക്ഷേത്രം ഇവയിലെല്ലാം അഗ്നിബാധയുണ്ടായി. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഓരോ അഗ്നിബാധയുണ്ടാകുമ്പോഴും കാരണം തിരക്കി നാം അമ്മയുടെ മുമ്പിലാണ് ശരണം പ്രാപിക്കുന്നത്. നാം ദേവിയുടെ മുമ്പില്‍ കാരണമറിയാനുള്ള ശരണത്തിലാണ്. അതിന് ദൈവഹിതം അറിയണം. അത് ഭക്തരുടെ ആഗ്രഹവും വിശ്വാസത്തിന്റെ ഭാഗവുമാണ്. ഇക്കാര്യത്തില്‍ ഭക്തര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് തന്ത്രിയും ഭരണകര്‍ത്താക്കളും ഹൈന്ദവ സംഘടനാ നേതാക്കളും രാഷ്ട്രീയക്കാരും എല്ലാവരും ചേര്‍ന്ന് നാടിന്റെ പൈതൃകമായ ക്ഷേത്രം സംരക്ഷിക്കണമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: