കായംകുളം: വടിവാള്‍ ഉപയോഗിച്ച് സ്ത്രീകളെയും, പുരുഷന്മാരെയും ആക്രമിച്ച് മാല പറിക്കുന്ന ഏഴംഗസംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാപ്പില്‍ കിഴക്ക് നല്ലേഴത്ത് പുത്തന്‍വീട് റിയാസ്ഖാന് (റിയാസ്-33), ചാരുംമൂട് കൊച്ചു വീട്ടില്‍ തെക്കതില്‍ ഷാജി (32), ക്ലാപ്പന മാളിയേക്കല്‍ പടീറ്റതില്‍ വിഷ്ണു (22), തെക്കേ മങ്കുഴി കീപ്പള്ളിത്തറ പുത്തന്‍വീട് രാജേഷ് ബാബു (23), കണ്ണനാകുഴി മതിലകത്ത് തറയില്‍ ഉണ്ണിക്കുട്ടന് (24), വള്ളികുന്നം മണ്ണാടിത്തറയില് സിബിന് (22), പുതുപ്പള്ളി കടയില്‍ വടക്കതില്‍ നിതിന്‍(26) എന്നിവരെയാണ് ഡിവൈഎസ്പി: ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴ എസ്പി കെ.കെ. ബാലചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കായംകുളം ടൗണിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസം രാത്രി പ്രതികളെ അറസ്റ്റ് ചെയതത്. കായംകുളം, കരുനാഗപ്പള്ളി, മാവേലിക്കര, കുറത്തികാട്, വള്ളികുന്നം, തൃക്കുന്നപ്പുഴ, മുതുകുളം, ക്ലാപ്പന, ഓച്ചിറ, കൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രിയില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ഇരുപതോളം കേസുകളാണ് ഇതോടെ തെളിഞ്ഞത്.
ഓച്ചിറയില്‍ സാം മെഡിക്കല്‍സ് ഉടമ ഓച്ചിറ ഞക്കനാല്‍ കരുണാലയം വീട്ടില്‍ ജോണ്‍ കെ.എബ്രഹാം മെഡിക്കല്‍ സ്റ്റോര്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി രണ്ടര പവന്റെ സ്വര്‍ണമാലയും കൈവശമുണ്ടായിരുന്ന 23,000 രൂപയും പിടിച്ചുപറിച്ച ശേഷം ആക്രമിച്ച കേസ്, കായംകുളം മങ്കുഴിയില്‍ പ്രവാസിയായ രാജേഷിനെ രാത്രി വീട്ടിലേയ്ക്ക് പോകുംവഴി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങ ള്‍ പിടിച്ചു പറിച്ചത്, തൃക്കുന്നപ്പുഴ പുളിക്കീഴ് ജങ്ഷന് സമീപം തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന സൗദായലം വീട്ടില്‍ സൗമ്യയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ സ്വര്‍ണമാല പിടിച്ചു പറിക്കുകയും തടയാന്‍ ചെന്ന ഭര്‍ത്താവ് ജയനെ മാരകമായി വെട്ടി കൈവിരലിന് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്, കായംകുളം കുന്നത്താലുംമൂട്ടില്‍ റേഷന്‍ കട നടത്തുന്ന മുരളീധരന്റെ കടയില്‍ എത്തി ഇയാളുടെ ഭാര്യ ഗീതയുടെ കഴുത്തില്‍ കിടന്ന അഞ്ചര പവന്റെ സ്വര്‍ണമാല പിടിച്ചു പറിക്കുകയും തടയാന്‍ ശ്രമിച്ച മുരളീധരനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്, മാവേലിക്കര കുറത്തികാട് ബെസ്റ്റ് ബേക്കറി ഉടമ ഷാജിയെ ഇടവഴിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം എട്ട് പവന്റെ സ്വര്‍ണമാല പിടിച്ചു പറിച്ചകേസ്, കറ്റാനം വെട്ടിക്കോടിന് സമീപം ഷാപ്പ് മാനേജര്‍ സുരേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം നാല് പവന്റെ സ്വര്‍ണമാല പിടിച്ചു പറിച്ചത്, ചൂനാട് തെക്കേമുറിയില്‍ വെച്ച് ജോലി കഴിഞ്ഞു വന്ന ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റിനെ ഇരുമ്പ് പൈപ്പ് കൊണ്ടടച്ചു വീഴ്ത്തുകയും കൈവശമുണ്ടായിരുന്ന പണം കവരാന്‍ ശ്രമിക്കുകയും ചെയ്ത കേസ്, മുതുകുളം വെട്ടത്ത് മുക്കിന് സമീപം പലചരക്ക് കടയടച്ചു പോയ രാജശേഖരന്പിള്ളയേയും ഭാര്യ ജ്യോതിലക്ഷ്മിയേയും ആക്രമിച്ച് മൂന്നര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്, മുതുകുളത്തു തന്നെയുളള പലചരക്ക് കടയില്‍ കയറി രാത്രി കടയുടമയായ മുതുകുളം വടക്ക് കൃഷ്ണഭവനത്തില്‍ രാജേഷിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഒന്നര പവന് സ്വര്‍ണമാല പിടിച്ചു പറിച്ചകേസ്, കൊല്ലം കരുനാഗപ്പള്ളിക്ക് പടിഞ്ഞാറ്വശം മുല്ലശേരി വീട്ടില്‍ രാമചന്ദ്രനേയും ഭാര്യ രാജിയേയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നാലര പവന്റെ സ്വര്‍ണമാല പിടിച്ചു പറിച്ച കേസ്, കൊല്ലം ക്ലാപ്പനയ്ക്ക് സമീപം പൊയ്ക്കരവീട്ടില് കുട്ടപ്പന് എന്ന പലചരക്ക് കടക്കാരന്റെ മാല പിടിച്ചു പറിച്ചത് തടയാന്‍ ശ്രമിച്ചതിന് ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച കേസ്, കരുനാഗപ്പള്ളി വള്ളിക്കാവിന് സമീപം ഷാപ്പടച്ചു പോയ മാനേജരായ സത്യന് എന്നയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് പവന്റെ മാല പിടിച്ചു പറിച്ചത്, മാവേലിക്കര കുറത്തികാടിന് സമീപം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ രാത്രി തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്നത് എന്നിവ ഇവരുടെ അറസ്റ്റോടെ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: