മാവേലിക്കര: തിരുവനന്തപുരം ചീഫ് കെമിക്കല്‍ ടെസ്റ്റിങ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യാജ കള്ളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാവേലിക്കരയില്‍ അഞ്ച് ഷാപ്പുകള്‍ പൂട്ടി. മാവേലിക്കര എക്സൈസ് സര്‍ക്കിളിന്റെ കീഴിലുള്ള ഒന്നാം ഗ്രൂപ്പില്‍പ്പെട്ട അഞ്ച് ഷാപ്പുകളാണ് പൂട്ടിയത്. നേരത്തെ നൂറനാട്ട് വ്യാജ കള്ള് കണ്ടെത്തിയ ആറ് ഷാപ്പുകള്‍ പൂട്ടിയിരുന്നു. എന്നാല്‍ ഇവര്‍ കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങിയിരിക്കുകയാണ്. ബി സാമ്പിള്‍ പരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഷാപ്പുകളില്‍ നടക്കുന്ന പരിശോധയില്‍ എ, ബി എന്ന് രണ്ട് സാമ്പിളുകളാണ് എടുക്കുന്നത്. ഇതില്‍ എ സാമ്പിള്‍ തിരുവന്തപുരത്ത് പരിശോധന നടത്താന്‍ അയക്കുന്നത്. ബി സാമ്പിള്‍ അതാത് ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കും. എ സാമ്പിള്‍ പരിശോധനയ്ക്കെതിരെ ആക്ഷേപമുള്ളവര്‍ കോടതിയെ സമീപിച്ചാല്‍ ബി സാമ്പിള്‍ പരിശോധന നടത്താം. ഇത് എറണാകുളത്ത് കാക്കാനാട്ടുള്ള ടെസ്റ്റിങ് ലാബിലാണ് നടത്തുന്നത്. പലപ്പോഴും ഇത്തരത്തില്‍ പരിശോധന നടത്തുമ്പോള്‍ ഷാപ്പുടമകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വരാറുള്ളത്. ഇത് ചില ഉദ്യോഗസ്ഥരും ഷാപ്പുടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: