തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. മാണി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനകീയ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് കോഴ മുന്നണിയായി മാറിയെന്ന് പന്ന്യന്‍ രവീന്ദ്രന് വിമര്‍ശിച്ചു. ധനകാര്യ വകുപ്പ് കുത്തഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മാണി തകര്‍ത്തു. ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ഭാരമാണ് സര്‍ക്കാര്‍ കെട്ടിവെച്ചിരിക്കുന്നത്. കൂടാതെ വെള്ളകരവും വര്‍ധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികളാണ് ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മദ്യനിരോധനം നടപ്പാക്കാന്‍ ശ്രമിക്കുന്നത് കോഴ വാങ്ങാനാണോ എന്ന് സംശയമുണ്ട്. മാണിയുടെ രാജി ആവശ്യപ്പെട്ട് ഈ മാസം 12ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും പന്ന്യന്‍ അറിയിച്ചു. ബാര്‍ വിഷയത്തില്‍ മറ്റു ചില മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതിലും വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം.
മാണിയെ ഇടതു മുന്നണിയിലേക്ക് വേണ്ട. ബാര്‍കോഴ വിവാദത്തില്‍ യോജിച്ച നിലപാട് എടുക്കുന്നതില്‍ എല്‍ഡിഎഫിന് വീഴ്ചപറ്റി. എല്‍ഡിഎഫ് ഒറ്റകെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പന്ന്യന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: