കണ്ണൂര്‍: എന്‍സിസി പരിശീലനക്യാമ്പില്‍ വിദ്യാര്‍ഥിക്ക് അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ഥി മരിച്ചു. നാദാപുരം കല്ലിക്കണ്ടി എന്‍എഎം കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി വടകര സ്വദേശി എം അനസാ(18)ണ് മരിച്ചത്. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വാര്‍ഷിക ദശദിന ക്യാമ്പില്‍ വെച്ച് സെപ്തംബര്‍ ഒമ്പതിനാണ് അപകടം നടന്നത്.
ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനസ് ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. വടകര കുറിച്ചിലോട്ടെ മംഗലശ്ശേരി വീട്ടില്‍ കുഞ്ഞഹമ്മദിന്റെ മകനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഏഴ് അംഗങ്ങളുള്ള സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശീലനം. ഓഫീസര്‍മാര്‍ വെടിവെയ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം സഹകാഡറ്റ് അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ടാര്‍ജറ്റ് പോയിന്റിന് സമീപം നില്‍ക്കുകയായിരുന്ന അനസിന്റെ നെഞ്ചിന് താഴെ വെടിയേറ്റത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായാണ് ബംഗളുരുവിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: