ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഫുട്ബോള്‍ താരങ്ങളെ ഉന്നംവെച്ച് മോഷ്ടാക്കള്‍ ‘റെയ്ഡ്’ തുടരുന്നു. ദേശീയ ടീമിലെ മിഡ്ഫീല്‍ഡര്‍ സിബുസിലോ വിലാകസിയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ചുകയറിയ തോക്കുധാരികളായ മോഷ്ടാക്കള്‍ വിലപ്പെട്ട വസ്തുക്കള്‍ കൊള്ളയടിച്ചു. താരത്തെ കൊല്ലാനും മോഷ്ടാക്കള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് കണക്കുകൂട്ടുന്നു. ഫുട്ബോള്‍ ടീം ക്യാപ്റ്റനും ഗോളിയുമായ സെന്‍സോ മെയിവ മോഷണം തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റു മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കംമാറും മുന്‍പാണ് വിലാകസിയും വേട്ടയാടപ്പെട്ടത്.
സൊവേതൊ നഗരത്തിലെ വിലാകസിയുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനുള്ളിലേക്ക് ഇരച്ചുകയറിയ കള്ളന്മാര് വിലാകസി എവിടെയെന്ന് ഉറക്കെചോദിച്ചു. ഈ സമയം താരം ഉള്ളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു.
വിലാകസിയുടെ അച്ഛനെയും അമ്മയെയും തോക്കിന് മുനയില്‍ നിര്‍ത്തിയ തസ്കരന്മാര് പണവും മൊബൈല്‍ ഫോണുകളും ടിവിയുമൊക്കെ കൈക്കലാക്കി. വിലാകസിയുടെ മാതാപിതാക്കളുടെ വിവാഹമോതിരങ്ങളും വസ്ത്രങ്ങളും അപഹരിക്കപ്പെട്ടു. കാറിന്റെ താക്കോലും കള്ളന്മാര് ആവശ്യപ്പെടുന്നുണ്ടായിരുന്നു. അപ്പോഴും ഇതൊന്നും അറിയാതെ വിലാകസി ഉറക്കം തുടര്‍ന്നു.
തന്നെ ഉന്നംവെച്ചാണ് മോഷ്ടാക്കള്‍ വന്നതെന്നും മുറിക്ക് പുറത്തിറങ്ങിയിരുന്നെങ്കില്‍ വധിക്കപ്പെട്ടേനെയെന്നും വിലാകസി പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ് വിശദഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: