മാഡ്രിഡ്/ ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ചില വമ്പന്‍ മുന്നേറ്റങ്ങളും വന്‍ ഞെട്ടലുകളും. നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും ജര്‍മന്‍ പ്രതിനിധി ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ജയങ്ങളോടെ അവസാന പതിനാറിലേക്ക് കുതിച്ചു. എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂളിനും ആഴ്സനലിനും മോശം ഫലങ്ങള്‍. ഇതോടെ അവരുടെ നോക്കൗട്ട് സാധ്യതകള്‍ ത്രിശങ്കുവിലായി. ഇറ്റാലിയന്‍ സംഘം ജുവന്റസും പ്രതീക്ഷാനിര്‍ഭരമായ ജയം കൊയ്തു.
ഗ്രൂപ്പ് ബിയിലെ ഹൈ വോള്‍ട്ടേജ് മാച്ചില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് മറകടന്നാണ് റയല്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് ഗമിച്ചത്. സ്റ്റീവന്‍ ജെറാഡിനെയും മരിയോ ബെലെട്ടെല്ലിയേയുമൊക്കെ ആദ്യ ഇലവനില്‍ നിന്നൊഴിവാക്കി കളിച്ച ലിവര്‍ പൊരുതിയെങ്കിലും 27-ാം മിനിറ്റില്‍ റയല്‍ സ്ട്രൈക്കര്‍ കരിം ബെന്‍സേമ കുറിച്ച ഗോളിനു മറുപടി നല്കാന് അവര്‍ക്കായില്ല. നാലു മത്സരങ്ങളും ജയിച്ച റയല്‍ 12 പോയിന്റോടെ കുതിക്കുകയും ചെയ്തു. 3 പോയിന്റ ്മാത്രമേ റെഡ്സിനുള്ളു. ഇതേ ഗ്രൂപ്പില്‍ ബള്‍ഗേറിയന്‍ പ്രതിയോഗി ലുഡോഗോരറ്റ്സിനെ 4-0ത്തിന് മുക്കിയ സ്വിസ് ക്ലബ്ബ് ബാസല്‍ ( 6 പോയിന്റ്) രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ബ്രീല്‍ എംബോലൊ (34-ാം മിനിറ്റ്), ഡെര്‍ലിസ് ഗോണ്‍സാലെസ് (42), ഷെല്‍സന്‍ ഗാഷി (59), മാരെക് സൂച്ചി (65) എന്നിവര്‍ ബാസലിന്റെ ഗോളടിവീരര്.
ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിയില്‍ നിന്നുവന്ന ഗലാറ്റസരെയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തുരത്തി ബൊറൂസിയയുടെ (12 പോയിന്റ്) പ്രയാണം. മാര്‍ക്കോ റൂസ് (39), പപ്പസ്തോപൗലോസ് (54), സിറോ ഇമ്മോബലെ (73) തുടങ്ങിയവര്‍ ബൊറൂസിയയുടെ സ്കോര്‍ ഷീറ്റിലെത്തി. സെമി കായയുടെ (84)സെല്‍ഫ് ഗോളും ബൊറൂസിയന്‍ അക്കൗണ്ടില്‍. ഹാക്കന്‍ ബാല്ത്ത (69) ഗലാറ്റസരയുടെ ആശ്വാസ സ്കോറര്‍. ആഴ്സനലിനുമേല് ബെല്‍ജിയംകാരായ ആന്ഡര്ലെഷ് നേടിയ അത്ഭുത സമനില പ്രധാന വിശേഷം. മികേല്‍ അര്‍ട്ടേറ്റയും അലക്സി സാഞ്ചസും ഓക്സ്ലെയ്ഡ് ചേംബര്‍ലെയ്നും ചേര്‍ന്ന് ഗണ്ണേഴ്സിന് മൂന്നു ഗോള്‍ മുന്‍തൂക്കം നല്കി. പക്ഷേ, വാന്‍ഡെന്‍ ബോറെ (61, 73) യുടെ ഇരട്ടപ്രഹരവും അലക്സാണ്ടര്‍ മിഡ്രോവിച്ചിന്റെ ഇഞ്ചുറി ടൈം ഹെഡ്ഡറും ആന്ഡര്ലെഷിന് അവിസ്മരണീയ സമനില സമ്മാനിച്ചു. തിരിച്ചടി നേരിട്ടെങ്കിലും ഏഴു പോയിന്റോടെ ആഴ്സനല്‍ രണ്ടാമതുണ്ട്.
ഗ്രൂപ്പ് എയില്‍ ഗ്രീക്ക് പട ഒളിംപ്യാകോസിനെ രണ്ടിനു മൂന്നു ഗോള്‍ പകരംനല്കി ജുവന്റസ് അതിജീവിച്ചു. 2-1ന് പിന്നിലായശേഷമായിരുന്നു റോമന്‍ പോരാളികളുടെ ജയം. ആന്ദ്രെ പിര്‍ലോ (21) റോബര്‍ട്ടോ ജിമെനസ് (65, സെല്‍ഫ് ഗോള്‍), പോള്‍ പോഗ്ബ (66) എന്നിങ്ങനപോകുന്നു ജുവന്റസിന്റെ ഗോള്‍ പട്ടിക. ആല്‍ബര്‍ട്ടോ ബോട്ടിയയും ഡെല്വിന് നിംഗാനയും ഒളിംപ്യാകോസിന്റെ മറുപടിക്കാര്‍. ആറു പോയിന്റുകള്‍ വിതമുള്ള ഒളിംപ്യാകോസും ജുവന്റസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇരുപകുതികളിലുമായി കോക്കെയും (30) റൗള്‍ ഗാര്‍ഷ്യയും (78) വെടിപൊട്ടിച്ചപ്പോള്‍ സ്വീഡിഷ് ക്ലബ്ബ് മാല്‍മോയെ തോല്‍പ്പിച്ച് ലാ ലീഗാ ചാമ്പ്യന്‍ അത്ലറ്റിക്കോ മാഡ്രിഡ് (9 പോയിന്റ്) എ ഗ്രൂപ്പിലെ ഒന്നാമനായിത്തീര്‍ന്നു.
ഗ്രൂപ്പ് സിയില്‍ ജര്‍മന്‍ സാന്നിധ്യം ബെയര്‍ ലെവര്കൂസന് റഷ്യന്‍ വൈരി സെനിത്തിനേയും (2-1) പോര്‍ച്ചുഗീസ് പതാകയേന്തുന്ന ബെന്‍ഫിക്ക ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയേയും പരാജയപ്പെടുത്തി (1-0). ലെവര്കൂസന് (9പോയിന്റ്) തലപ്പത്ത്; മൊണാക്കോ (5) രണ്ടാമന്. സെനിത്തിനും ബെന്‍ഫിക്കയ്ക്കും നാലു പോയിന്റുകള്‍ വീതമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: