ന്യൂദല്‍ഹി: ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അടുത്തവര്‍ഷം അവസാനം മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും സുരക്ഷാ എയര്‍ബാഗുകള്‍ ഘടിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്തുള്ള തീരുമാനം 2015 ഒക്ടോബര്‍ മുതല്‍ നിലവില്‍ വരും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റവും കാറുകളില്‍ നിര്‍ബന്ധമാക്കും. പുതിയ നിയമഭേദഗതിക്ക് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഭാരത വിപണിയില്‍ പുറത്തിറങ്ങുന്ന കാറുകള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന കണ്ടെത്തിലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിബന്ധനകള്‍ കാര്‍ നിര്‍മ്മാണത്തില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജനപ്രിയ മോഡലുകളായ മാരുതിയുടെ സ്വിഫ്റ്റ് അടക്കം സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ട സാഹചര്യവും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്. മാരുതി ആള്‍ട്ടോ, ടാറ്റാ നാനോ, ഫോര്‍ഡ് ഫിഗോ, ഹുണ്ടായ് ഐ 10, പോളോ എന്നീ മോഡലുകളും മുന്നില്‍ നിന്നും വശങ്ങളില് നിന്നുമുള്ള കൂട്ടിയിടി പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
എയര്‍ബാഗിനു പുറമേ കുട്ടികളുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങള്‍, സീറ്റുബെല്‍റ്റ് ധരിക്കാതിരുന്നാല്‍ മുന്നറിയിപ്പു നല്കുന്ന സംവിധാനം എന്നിവയും കാറുകളില്‍ വരുത്തും. പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ കാറുകളുടെ വിലയില്‍ 30000 മുതല്‍ 35000 രൂപ വരെ വര്‍ദ്ധിക്കും. കഴിഞ്ഞവര്‍ഷം രാജ്യത്തുണ്ടായ കാര്‍ അപകടങ്ങളില്‍പ്പെട്ട 19 ശതമാനം ആളുകള്‍ മരിച്ചതായാണ് കണക്ക്. ഇതാണ് വാഹനങ്ങളുടെ അടിസ്ഥന സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: