മുഹമ്മ: സംസ്ഥാന കയര്‍ വകുപ്പ് നവംബര്‍ അഞ്ചിന് കയര്‍ ദിനമായി ആചരിക്കുന്നത് പ്രഹസനമായി മാറുന്നു. സെമിനാറുകള്‍ സംഘടിപ്പിച്ചതൊഴിച്ചാല്‍ ഈ പരമ്പരാഗത വ്യവസായത്തെ നാശത്തിന്റെ പടുകുഴിയില്‍ നിന്നും കരകയറ്റുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുമല്ല. രൂക്ഷമായ തൊഴില്‍മാന്ദ്യവും കൂലിക്കുറവും മൂലം ആയിരക്കണക്കിന് ചെറുകിട കയര്‍ ഫാക്ടറികളാണ് നാടൊഴിഞ്ഞത്. ചെറുപ്പക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കയര്‍രംഗം വിട്ട് നിര്‍മ്മാണ മേഖലയിലേക്ക് ചേക്കേറി.
പരമ്പരാഗതമായി പണിയെടുത്ത് എല്ലും തോലുമായി മാറിയ വൃദ്ധജനങ്ങള്‍ മാത്രമാണ് ഈ രംഗത്ത് ഇപ്പോഴുമുള്ളത്. മറ്റൊരു ജോലിയും ചെയ്യാത്തതിനാല്‍ അവര്‍ തുടരുന്നുവെന്ന് മാത്രം. നൂറ്റാണ്ടുകളായി ഇഴപിരിയുന്ന കയര്‍ വ്യവസായത്തില്‍ നിലനിന്നുപോരുന്ന ചൂഷണ വ്യവസ്ഥകള്‍ക്ക് ഇനിയും മാറ്റം വന്നിട്ടില്ല. തൊഴിലാളികള്‍ക്ക് വേണ്ടി സൊസൈറ്റികള്‍ രൂപീകരിച്ച് നടത്തിവരുന്ന പല ഫാക്ടറികളിലും സിഐആര്‍സി നിശ്ചയിച്ച കൂലി ലഭിക്കുന്നില്ല. സ്വകാര്യ മുതലാളിമാരുടെ ഫാക്ടറികളിലെ കാര്യം പറയുകയേ വേണ്ട.
ചകിരിയുടെ ലഭ്യതക്കുറവ് ഈ രംഗം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. തമിഴ്നാട്ടില്‍ നിന്നും ചകിരി എത്തിയില്ലെങ്കില്‍ കേരളത്തിലെ തറികള്‍ ചലിക്കില്ല. ചകിരി വില കുതിച്ചു കയറുമ്പോഴും കയര്‍ രംഗം വഷളാക്കി. ചൈനയിലേക്ക് കയറ്റിപ്പോകുന്ന സുവര്‍ണ നാര് കയറുല്പന്നമായി തിരിച്ചുവരുന്ന പ്രതിഭാസവും ഇവിടെ സംഭവിക്കുന്നു. 2011ലാണ് കയര്‍ദിനം ആചരിച്ചു തുടങ്ങിയത്. അതും അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സി.പി. ഷാജിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന്. കയര്‍ദിനം സെമിനാറുകളില്‍ ഒതുക്കാതെ തൊഴിലാളി ക്ഷേമത്തിനായും ഈ പരമ്പരാഗത വ്യവസായത്തെ പരിപോഷിപ്പിക്കാനുമാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: