തിരുവനന്തപുരം: ബാര്‍കോഴ കേസിലെ മല്പിടുത്തത്തില് നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും പിന്മാറുന്നില്ല.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം വേണമെന്ന് പറയുമ്പോള്‍ പ്രത്യേക അന്വേഷണ സംഘമെന്ന നിലപാടിലുറച്ചാണ് പിണറായി. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന കാര്യത്തില്‍ തീരുമാനമായി. ഇതോടെ വിഎസിന്റെ സിബിഐ അന്വേഷണമെന്ന ആവശ്യം പൂര്‍ണമായി തള്ളിയിരിക്കുകയാണ്.
സിബിഐ അന്വേഷണത്തിലുപരിയായി ആക്ഷേപങ്ങള്‍ ഇല്ലാത്ത സത്യസന്ധരായ അന്വേഷണ സംഘത്തെയാണ് ഇതിനായി നിയോഗിക്കേണ്ടതെന്നും ഇതിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി വരെ വ്യക്തമാക്കിയതാണ്. ജുഡീഷ്യല്‍ അന്വേഷണമാകട്ടെ അത് കാലതാമസം വരുത്തും. കേസില്‍ വിജിലന്‍സ് അന്വേഷണം അപഹാസ്യമാണ്. നിരവധി തവണ വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. അന്വേഷണ രീതിയെ സംബന്ധിച്ച് അവര്‍ക്ക് നന്നായി അറിയാമെന്നും പിണറായി വ്യക്തമാക്കി. ഇതിനാലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
ബാറുകള്‍ പൂട്ടിയ അന്നു മുതല്‍ സര്‍ക്കാര്‍ അഴിമതിയിലാണ്. ധനമന്ത്രി മാണി രാജി വെച്ച് അന്വേഷണം നേരിടണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബാര്‍ വിഷയത്തില്‍ ഒന്നും സംഭവിക്കില്ല. ഇതും അന്വേഷണത്തിന്റെ ഭാഗമാക്കണം. സര്‍ക്കാറിനെ അട്ടിമറിക്കുന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: