പറഞ്ഞത് അധികാരികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ കാല്‍നൂറ്റാണ്ടിലധികമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍മില്‍ നവംബര്‍ 27ന് തുറക്കും. നെടിയ കാത്തിരിപ്പിന് അവസാനമാകും. ആയിരക്കണക്കിന് തൊഴിലാളികളെ തെരുവിലേക്കിറക്കിവിട്ട, മരണമുഖത്തേക്ക് പറഞ്ഞയച്ച അടച്ചുപൂട്ടലുകള്‍ക്ക് അറുതിയാകും പുതിയ നീക്കങ്ങളെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ വ്യാവസായിക നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച പുനലൂര്‍ പേപ്പര്‍മില്‍.
മില്‍ തുറക്കുമ്പോള്‍ ഗതകാലസ്മരണകള്‍ നെഞ്ചിലേറ്റുന്ന പുനലൂരിന്റെ ആഹ്ലാദം അതിരില്ലാത്തതാകും. ഒപ്പമെത്തുന്നത് ഇരട്ടിമധുരം പകര്‍ന്ന് ചരിത്രകൗതുകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ പുനര്‍ജനി കൂടിയാണ്. തൂക്കുപാലത്തിന്റെ അവസാനഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ 20ന് ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ബ്രിട്ടീഷ് നിര്‍മാണ വൈദഗ്ധ്യത്തിന്റെ അനുപമസുന്ദരമായ കാണാക്കാഴ്ചയ്ക്കായി കമ്പകത്തടി പാകി തൂക്കുപാലം തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.
പേപ്പര്‍ മില്‍
ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കേരളത്തിലെ തന്നെ ആദ്യത്തെ പേപ്പര്‍മില്ലിന് പുനലൂരില്‍ തുടക്കമായത്. 1888ല്‍ കല്ലടയാറിന്റെ തീരത്ത് ബ്രിട്ടീഷ് പൗരനായ ടി.ജി. കാമറോണ്‍ സ്ഥാപിച്ച പേപ്പര്‍മില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയാണ്. ട്രാവന്‍കൂര്‍ പേപ്പര്‍മില്ലായും ലക്ഷ്മി പേപ്പര്‍മില്ലായും മീനാക്ഷി പേപ്പര്‍മില്ലായും മാനേജ്മെന്റുകള്‍ മാറുന്ന മുറയ്ക്ക് പേരുമാറിയ പേപ്പര്‍മില്ലിന്റെ തലപ്പത്ത് വ്യവസായപ്രമുഖനായ എല്‍.എന്‍. ഡാല്‍മിയ ഏറെക്കാലം സാരഥിയായിരുന്നു. 1987ല്‍ നികുതിയിനത്തില്‍ വന്‍കുടിശ്ശിക ആരോപിക്കപ്പെട്ട് ഉടമയെ അറസ്റ്റ് ചെയ്യുകയും പേപ്പര്‍മില്‍ അടച്ചുപൂട്ടുകയുമായിരുന്നു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ തെരുവിലെറിയപ്പെട്ടു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയായി. മില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആവശ്യത്തിനും അനാവശ്യത്തിനും സമരത്തിനിറങ്ങിയിരുന്ന തൊഴിലാളി സംഘടനകള്‍ മടുത്ത് പിന്മാറി. ജീവിതത്തിനും മരണത്തിനുമിടയില്‍ എന്നെങ്കിലും ആ ചൂളംവിളി ഉയരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ എന്നിട്ടും നിരവധി…
തമിഴകത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന പുനലൂര്‍ തമിഴര്‍ക്ക് പുനല്‍ ഊര് ആണ്. വെള്ളത്തിന്റെ നാട്. മലയോരവും തെളിനീരരുവികളും കൊണ്ട് പ്രകൃതിരമണീയമായ വനമേഖലയുടെ, അസംസ്കൃത വസ്തുക്കളുടെ ആയാസം കൂടാതെയുള്ള ലഭ്യതയായിരുന്നു പേപ്പര്‍മില്ലിന്റെ പ്രാണവായു. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ് അടക്കം ദേശത്തും വിദേശത്തും വിപണികണ്ടെത്തി പെരുമകേട്ട പേപ്പര്‍മില്‍ തുറക്കുമ്പോള്‍ ജീവന് വീണുകിട്ടുന്നത് പൂനലൂരിനും കേരളത്തിനുമാണ്. ഇപ്പോള്‍ തദ്ദേശീയസംരംഭകരായ ടി.കെ. സുന്ദരേശനും നെല്‍സണ്‍ സെബാസ്റ്റ്യന്റെയും നേതൃത്വത്തിലുള്ള മാനേജ്മെന്റാണ് മില്ലിനെ നയിക്കുന്നത്.
തൂക്കുപാലം
തെന്മല ഇക്കോ ടൂറിസം പദ്ധതിയും പേപ്പര്‍മില്ലും കുറ്റാലം ജലപാതവുമടക്കം വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പുനലൂരിന്റെ ചരിത്രവിസ്മയം കൂടി നവീകരിക്കപ്പെടുമ്പോള്‍ നാടിന്റെ മുഖം മാറുകയാണ്. അധികാരത്തിന്റെ ചുവപ്പുനാടകളില്‍ കുടുങ്ങിയും വിവിധ വകുപ്പുകളുടെ പടലപ്പിണക്കത്തില്‍ മുടങ്ങിയും കിടന്ന തൂക്കുപാലത്തിന്റെ നവീകരണം 20ന് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
1870കളുടെ തുടക്കത്തിലാണ് തൂക്കുപാലം പണിയാന്‍ ധാരണയാകുന്നത്. ആയില്യം തിരുനാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂറിന്റെ അധികാരി. വാണിജ്യ വ്യാപാരശൃംഖലകളിലായിരുന്നു ബ്രീട്ടീഷുകാരുടെ നോട്ടം. പാലങ്ങളും റെയില്‍വേ ലൈനുകളും വ്യാപകമായി നിര്‍മിക്കാന്‍ അവര്‍ തീരുമാനമെടുത്തകാലം. തൂക്കുപാലത്തിന്റെ പിറവിയും ഈ കാലത്താണ്.
അന്ന് കല്ലടയാറിന്റെ കിഴക്കേക്കരയില്‍ ജനവാസം തീരെ കുറവായിരുന്നു. വന്യജീവികളാകട്ടെ വളരെ കൂടുതലും. മറുകരയിലാണ് പൊതുവേ ജനവാസവും കൃഷിയും ഉണ്ടായിരുന്നത്. ഒരുപാലം പണിതാല്‍ വന്യജീവികള്‍ ഇക്കരെയെത്തി കൃഷി നശിപ്പിക്കും എന്ന ആശങ്കയും ശക്തമായിരുന്നു. വന്യമൃഗങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത വിധത്തിലുള്ള പാലം നിര്‍മിക്കാനായിരുന്നു ആയില്യം തിരുനാള്‍ മഹാരാജാവ് ദിവാന് നിര്‍ദ്ദേശം നല്‍കിയത്.അതനുസരിച്ച് 1870ല്‍ സ്കോട്ട്ലന്‍ഡുകാരനായ ആല്‍ബര്‍ട്ട് ഹെന്‍ട്രി ഒരു പാലത്തിന് രൂപകല്പന നടത്തി. നാനൂറ് അടി നീളത്തില്‍ ഇരുപതടി വീതിയില്‍, രണ്ട് കരിങ്കല്‍ത്തൂണുകളെയും ഇരുകരയിലുമുള്ള നാലു കിണറുകളെയും ബന്ധിപ്പിച്ച് നിര്‍ത്തുന്ന, അമ്പത്തിമൂന്ന് കണ്ണികള്‍ വീതമുള്ള രണ്ട് കൂറ്റന്‍ ഇരുമ്പ് ചങ്ങലകളില്‍ തൂങ്ങിക്കിടക്കുന്ന പാലം. ഇരുമ്പ് പാളങ്ങള്‍ക്ക് മുകളില്‍ പലക നിരത്തിയാണ് ഇതില്‍ ഗതാഗത സൗകര്യം ഒരുക്കിയത്.
തൂക്കുപാലം നിര്‍മിക്കാനെടുത്തത് 2212 ദിവസം. ദിവസം ഇരുന്നൂറ്റമ്പത് തൊഴിലാളികള്‍ വീതം പണിയെടുത്തു. വര്‍ഷം 137 കഴിഞ്ഞു. ആ കരിങ്കല്‍ത്തൂണുകള്‍ക്ക് ഒരു പോറല്‍പോലും ഏറ്റിട്ടില്ല. അതാണ് അന്നത്തെ മനുഷ്യപ്രയത്നത്തിന്റെ ആഴവും ആത്മാര്‍ത്ഥതയും.
എന്നാല്‍ തൂക്കുപാലത്തിന്റെ മുകളില്‍ പാകിയിരുന്ന പലകകള്‍ ഇളകിമാറിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. അതൊന്ന് നിരത്താനിനിയും ആകാത്തവിധം അലസമാണ് നമ്മുടെ ജനാധിപത്യമെന്ന് വിളിച്ചുപറയുന്ന കാല് നൂറ്റാണ്ട്. പന്ത്രണ്ട് വര്‍ഷം മുമ്പ് നഗരസഭ പാലത്തില്‍ പലക നിരത്തി. കമ്പകത്തടിയെന്ന പേരില്‍ നിരത്തിയത് പാഴ്ത്തടികള്‍. അതിനുണ്ടായത് ഒറ്റമാസത്തെ ആയുസ്സ്. പുരാവസ്തുവകുപ്പും നഗരസഭയും ഡിടിപിസിയും കൂടി അന്ന് ചെലവിട്ടത് പുറത്തുവന്ന കണക്ക് പ്രകാരം 35 ലക്ഷം രൂപ. തൂക്കുപാലത്തിന്റെ രണ്ടുകരയിലും പാര്‍ക്കിംഗ് സൗകര്യം, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ലൈറ്റിംഗ്, മനോഹരമായ കവാടങ്ങള്‍… വാഗ്ദാനങ്ങള്‍ നിരവധി ഓരോ അഞ്ചാണ്ടു കൂടുമ്പോഴും കേട്ടു. അതിനിടെ രണ്ടുകൊല്ലം മുമ്പ് കിറ്റ്കോ 65 ലക്ഷം രൂപ ചെലവിട്ട് ഇരുമ്പ് കമ്പികള്‍ ചുരണ്ടി പെയിന്റടിച്ചു. ഇനി കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്ന് കമ്പകത്തടി വാങ്ങി പാലത്തില്‍ പാകാനുള്ള ഒരുക്കത്തിലാണ്… പുനലൂരിന്റെ പ്രതീക്ഷ ചെറുതല്ല, കേരളത്തിന്റെയും… ആ നല്ല നാളുകള്‍ വരുമെന്ന് കാക്കുകയാണിപ്പോള്‍ ഈ നഗരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: