കൊച്ചി: നൂറിലധികം സര്‍വ്വീസുകള്‍ നടത്തുന്ന ജില്ലയിലെ പ്രധാന കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍. ജില്ലയില്‍ നിന്നും (ഗുരുവായൂര്‍ സെക്ടര്‍) ഗുരുവായൂരിലേക്കുള്ള മുഴുവന്‍ സര്‍വ്വീസും നടത്തുന്ന ജെട്ടി കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിടമാണ് തകര്‍ന്ന് വീഴാറായ സ്ഥിതിയിലായിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്.
മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ വെള്ളം ഓഫീസിനുള്ളില്‍ ഒലിച്ചിറങ്ങുന്നത് ജീവനക്കാരെ ഏറെ ദുരുതത്തിലാക്കുന്നു. ആകെയുള്ള അഞ്ച് മുറികളില്‍ ഇപ്പോള്‍ സ്റ്റേഷന്മാസ്റ്ററുടെ ഒഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടു ചേര്‍ന്നുള്ള ഹാളിലാണ് ജീവനക്കാര്‍ വിശ്രമിക്കുന്നതും മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഈ കെട്ടിടത്തോട് ചേര്‍ന്ന ആല്‍മരം വളര്‍ന്ന് നില്ക്കുന്നതിനാല് മരത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങി ഭിത്തി അടര്‍ന്ന് മാറിയ നിലയിലായിലാണ്. ഇതുമൂലം ജീവന്ക്കാര് ഭീതിയിലാണ് ജോലിചെയ്യുന്നത്. ഭിത്തികള്‍ തകര്‍ന്ന് വൈദ്യുത കമ്പികള്‍ പൊട്ടിയതിനാല്‍ വൈദ്യുതാഘാതം ഉണ്ടാകാനും സാധ്യത ഏറെയാണ്.
കെട്ടിടത്തിലെ പൈപ്പ് പൊട്ടി തകര്‍ന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞു. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാന്‍ പോലും ഇവിടെ സൗകര്യമില്ല. മഴപെയ്താല്‍ സ്റ്റാന്റില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കെട്ടിടത്തിനു സമീപം കാടുകയറിയ നിലയിലായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.
സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ടു തകര്‍ന്ന നിലയിലാണ്. ഇത് കാരണം ബസിന്റെ അടിഭാഗം തട്ടുന്നതിനാല്‍ ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്.
ഒരേക്കറോളമുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജെട്ടി സ്റ്റേഷനില്‍നിന്ന് നിലവില്‍ 40ഓളം ബസുകളും നൂറിലധിക സര്‍വീസുകളും നടത്തുന്ന പ്രധാനസ്റ്റേഷനില് ഒന്നാണ്. കൂടാതെ നല്ല രീതിയില്‍ കളക്ഷനുള്ള സ്റ്റേഷനും. വൈപ്പിന്‍, മുനമ്പം, ഞാറയ്ക്കല്‍ തുടങ്ങി തീരദേശപ്രദേശങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും ഇവിടെ നിന്നാണ്. സ്റ്റേഷന് പുതുക്കി നിര്‍മ്മിക്കുമെന്ന് പലതവണ അധികൃതര്‍ പറഞ്ഞെങ്കിലും എല്ലാം പാഴ്വാക്കായിമാറി. ഏതു നിമിഷവും വന്‍ അപകടം തന്നെ ഉണ്ടാകാമെന്നിരിക്കെ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: