കോട്ടയം : തേന്‍ മഹോത്സവത്തിനും ഓര്‍ക്കിഡ് പുഷ്പമേളയ്ക്കും നഗരത്തില്‍ തുടക്കമായി. ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാഗമ്പടം മൈതാനിയിലാണ് മേള ആരംഭിച്ചത്. തേന്‍ ഉത്പന്നങ്ങള്‍ക്കും പുഷ്പമേളയ്ക്കും പുറമേ അക്വാ ആന്റ് പെറ്റ് ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, പുസ്തകപ്രദര്ശനം, വിവിധതരം അച്ചാറുകളുടെ പ്രദര്‍ശനം, വിവിധതരം ഭക്ഷണങ്ങള്‍, ചിന്തികടകള്‍ തുടങ്ങിയവ മേളയെ വ്യത്യസ്തമാക്കുന്നു.
ഏകദേശം അഞ്ഞൂറില്പരം ഓര്‍ക്കിഡുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മുന്നൂറ് രൂപ മുതല്‍ മൂവായിരത്തിയഞ്ഞൂറ് രൂപ വരെയാണ് ഇവയുടെ വില. കൂടാതെ മുല്ല, റോസ, മുള, ബോണ്‍സായ് ചെടികളും വില്‍പ്പനയ്ക്കുണ്ട്. രണ്ടു സ്റ്റാളുകളിലായാണ് തേന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം. തിരുവല്ല ബോധനയുടേതാണ് ഒരു സ്റ്റാള്‍. തേന്‍ ഈന്തപ്പഴം, തേന്‍ നെല്ലിക്ക, തേന്‍ വെളുത്തുള്ളി, തേന്‍ ചെറി, തേന്‍ കാന്താരി, തേന്‍ മുന്തിരിങ്ങ, തേന്‍ കശുവണ്ടിപരിപ്പ്, തേന്‍ സിറപ്പ്, തേന്‍ ഇഞ്ചി, തേന്‍ ഏലക്കാ, തേന്‍ ശതാവരി, നാച്ചുറല്‍ ഫേസ്ക്രീം, നാച്ചുറല്‍ ബീബാം തുടങ്ങി പതിമൂന്നോളം തേന്‍ ഉത്പന്നങ്ങളാണ് ബോധന പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മറ്റൊരു സ്റ്റാള്‍ കണ്ണൂര്‍ ഹോളി ബീ തേന്‍ ആണ്. കുടക്, വയനാട്, ബീഹാര്‍, ഉത്തരാഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്നവയാണ് ഹോളിബീ തേന്‍. അലങ്കാര കോഴികളുടെയും മത്സ്യത്തിന്റെയും പ്രദര്‍ശനമാണ് മറ്റൊരു പ്രത്യേകത. കോതമംഗലം സ്വദേശി സനു നടത്തുന്ന കിച്ചൂസ് പെറ്റ്വേള്ഡാണ് ഈ അലങ്കാര കോഴികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മൂവായിരം രൂപ വില വരുന്ന സില്‍വര്‍ പെസന്റ്, ആംസ്റ്റര്‍, കൊച്ചിന് ബാന്റം, പോളീഷ് ക്യാപ്പ്, ഫ്രിഡില്‍, ആറായിരം രൂപ വിലയുള്ള ഗോള്‍ഡന്‍ സബറേറ്റ് തുടങ്ങിയവയാണ് അലങ്കാരകോഴികള്‍. ഇവകൂടാതെ വിവിധയിനം പ്രാവുകളും ഇരുന്നൂറ് രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ വില വരുന്ന മത്സ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ഇരുപത്തിരണ്ടിനം അച്ചാറുകളും മേളയില്‍ ഇടം നേടിയിട്ടുണ്ട്. വിവിധയിനം തേന്മിഠായികളും മേളയിലെ താരമാണ്. രാവിലെ പതിനൊന്നുമുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം. 16ന് പ്രദര്‍ശനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: