ന്യൂദല്‍ഹി: ആറാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സിന് ദല്‍ഹിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ദല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ആയുഷ് വകുപ്പിന്റെയും സഹകരണത്തോടെ ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് നാലുദിവസത്തെ ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നവംബര്‍ ആറു മുതല്‍ ഒന്‍പതു വരെ പ്രഗതി മൈതാനിയിലാണ് പരിപാടി.
നവംബര്‍ ആറ്,ഏഴ് തീയതികളില്‍ പാരമ്പര്യവൈദ്യന്മാരുടെ സംഗമം. ആസ്ത്മ മുതല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതവും മൂത്രാശയക്കല്ലും ഉള്‍പ്പെടെയുള്ള അനവധി രോഗങ്ങള്‍ക്ക് കഷായം പോലുള്ള ഔഷധക്കൂട്ടുകള്‍കൊണ്ട് ശമനം വരുത്തിയിരുന്ന പാരമ്പര്യത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യം. 200 പാരമ്പര്യ വൈദ്യന്മാര് പങ്കെടുക്കും. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവല്‍ ഓറം സംഗമം ഉദ്ഘാനം ചെയ്യും. ടിഡിയു വൈസ് ചാന്‍സലര്‍ ദര്ശന് ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ആയുര്‍വേദ ഫൗണ്ടേഷന് സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു.
സംഗമത്തില്‍ അവതരിപ്പിക്കുന്ന 15ല്‍ പരം അവതരണങ്ങളെ തുടര്‍ന്ന് ഉരുത്തിരിയുന്ന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഇത് ദേശീയ ആരോഗ്യ നയത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു.
ഭാരതത്തിലെ ഗ്രാമങ്ങളില്‍ പത്തുലക്ഷത്തിലേറെ പരമ്പരാഗത വൈദ്യന്മാരുണ്ട്. പരമ്പരാഗത മരുന്നുകളെ സംബന്ധിച്ച അറിവ് ഇപ്പോള്‍ വാമൊഴിയായി പകരുകയാണെന്നും പ്രചരിപ്പിക്കാന്‍ അവ രേഖപ്പെടുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും സംഗമത്തിന്റെഏകോപകനും ബംഗളുരു സ്വദേശിയുമായ പ്രൊഫ. ജി. ഹരിരാമമൂര്ത്തി പറഞ്ഞു.
സംഗമത്തിലെ നാലില്‍ രണ്ടു സെഷനുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും. നേത്രപരിരക്ഷ, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, ആസ്ത്മ തുടങ്ങിയവയെല്ലാം സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങി വടക്കുകിഴക്കന്‍ മേഖലകളിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുവരെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: